'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രൂപേഷ് പീതാബരന്‍റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഭാസ്‌കരഭരണം' എന്നാണ് രൂപേഷ് പീതാബരന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്.
സമകാലീന പ്രസക്തിയുള്ള ഒരു വിഷയമാണ് 'ഭാസ്‌കരഭരണം' എന്ന ചിത്രം പ്രമേയമാക്കുന്നത് എന്നാണ് വിവരം. അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച മകന്‍റെ കഥ പറയുന്ന ചിത്രമാകും 'ഭാസ്‌കരഭരണം' എന്നാണ് ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. 'പ്രമുഖർ ആരും ഇല്ല! ക്യാമറയുടെ മുന്നിലും പിന്നിലും ആയി ഒരു കൂട്ടം പുതുമുഖകളെ വച്ച് ചെയ്യുന്ന ഒരു ചെറിയ സിനിമ' എന്ന് കുറിച്ചുകൊണ്ടാണ് രൂപേഷ് പീതാബരൻ ഫേസ്‌ബുക്കില്‍ ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ പങ്കുവച്ചത്.
നികാഫിന്‍റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സംവിധായകന്‍റെയും നിർമാതാവിന്‍റെയും റോളിൽ മാത്രമല്ല അഭിനേതാവിന്‍റെ റോളിലും രൂപേഷ് പീതാംബരൻ 'ഭാസ്‌കരഭരണ'ത്തില്‍ ഉണ്ട്. രൂപേഷ് പീതാംബരന് പുറമെ സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്‌ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനേതാവായി നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് രൂപേഷ് പീതാംബരൻ.