ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നസ്‌ലിൻ നായകനാകുന്നു. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന '18+' എന്ന ചിത്രത്തിലൂടെയാണ് നസ്‌ലിൻ ആദ്യമായി നായക വേഷത്തില്‍ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിഖില വിമല്‍, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ജോ ആൻഡ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '18+'. ജൂലായ്‌യില്‍ ആണ് ചിത്രത്തിന്‍റെ റിലീസ്.
പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന ഈ ചിത്രം ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഐക്കൺ സിനിമാസ് ആണ് '18+'ന്‍റെ വിതരണം.
ചിത്രത്തിൽ നായിക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് മീനാക്ഷി ദിനേശാണ്. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവർക്ക് പുറമെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ 'സാഫ് ബോയ്' ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.