ഹൈദരാബാദ് :ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്ക് വെബ് സീരീസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്ന വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. അതേസമയം പരിക്ക് സാരമുള്ളതല്ലെന്നും രണ്ട് വിരലുകളിൽ ചെറിയ തുന്നിക്കെട്ടലുകൾ മാത്രമാണുള്ളതെന്നും സംവിധായകൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
'മറ്റൊരു കാർ അപകടം കൂടി. ഇത്തവണ രണ്ട് വിരലുകളിൽ തുന്നലുകളുമായി, പേടിക്കാൻ ഒന്നുമില്ല. ഞാൻ പൂർണമായും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും വളരെ നന്ദി. ആമസോണ്‍ ഒറിജിനൽസിനായി ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്‍റെ ഷൂട്ടിങ്ങുമായി ഹൈദരാബാദിലാണ്' - പരിക്കേറ്റ ചിത്രത്തോടൊപ്പം രോഹിത് ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആശുപത്രിയിൽ നിന്ന് എത്തിയതിന് പിന്നാലെ വിശ്രമത്തിന് പോലും മുതിരാതെ സെറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് ഷെട്ടി ഇന്നലെത്തന്നെ ഷൂട്ടിങ് പുനരാരംഭിച്ചിരുന്നു. രോഹിത് ഷെട്ടിയുടെ അർപ്പണബോധത്തെ പ്രശംസിച്ചുകൊണ്ട് സിദ്ധാർഥ് മൽഹോത്ര തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്‌തു. വീഡിയോയിൽ റോക്ക് സ്റ്റാർ എന്നാണ് താരം രോഹിത് ഷെട്ടിയെ വിശേഷിപ്പിച്ചത്.
ALSO READ:'റോള്‍ ക്യാമറ, ആക്ഷന്‍, കാലൊടിക്കൂ'; ചിത്രീകരണത്തിനിടയില്‍ ശില്‍പ്പ ഷെട്ടിയുടെ കാലൊടിഞ്ഞു
വിവേക് ഒബ്രോയ്, ശിൽപ ഷെട്ടി, സിദ്ധാർഥ് മൽഹോത്ര തുടങ്ങിയ വമ്പൻ താരനിരയാണ് ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി രോഹിത് ഷെട്ടി ഒരുക്കുന്ന ഇന്ത്യൻ പൊലീസ് ഫോഴ്‌സിൽ അണിനിരക്കുന്നത്. നേരത്തെ ഇതേ വെബ് സീരീസിന്‍റെ ഗോവയിൽ നടന്ന ഷൂട്ടിങ്ങിനിടെ സിദ്ധാർഥ് മൽഹോത്രയ്‌ക്കും പരിക്കേറ്റിരുന്നു. മുംബൈയിൽ നടന്ന ഷൂട്ടിനിടെ ശിൽപ ഷെട്ടിയുടെ കാലും ഒടിഞ്ഞിരുന്നു.