ബോളിവുഡില്‍ നിരവധി ആരാധകരുള്ള അഭിനേതാക്കളാണ് രൺവീർ സിങും (Ranveer Singh) ആലിയ ഭട്ടും (Alia Bhatt). ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ (Rocky Aur Rani Kii Prem Kahaani). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ (OFFICIAL TEASER) പുറത്തുവന്നിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ റിലീസായ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റൊമാന്‍റിക് ചിത്രങ്ങളുടെ 'സ്‌പെഷലിസ്റ്റ്' കരൺ ജോഹർ (Karan Johar) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം കരൺ ജോഹർ വീണ്ടും സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. സിനിമ രംഗത്ത് 25 വർഷം പൂർത്തിയാകുന്ന വർഷമാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ചിത്രം ജൂലൈ 23ന് തിയേറ്റർ റിലീസായി പ്രേക്ഷകർക്ക് മുന്നില്‍ എത്തും. ധര്‍മേന്ദ്ര, ഷബാന ആസ്‍മി, ജയ ബച്ചൻ, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താൻ, സുമിത് റോയി എന്നിവരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്. മനുഷ് നന്ദൻ ഛായാഗ്രാഹണവും നിർവഹിക്കുന്നു. നിരവധി മനോഹര ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രീതം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.