ബ്രഹ്മപുരംമാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന സമീപവാസികള്‍ക്ക് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ കരുതല്‍. വിഷപ്പുക ശ്വസിച്ച് പലതരം രോഗങ്ങള്‍ക്ക് വഴിപ്പെടുന്ന ജനങ്ങള്‍ക്ക് ജീവശ്വാസം നല്‍കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മമ്മൂട്ടി.
ബ്രഹ്മപുരം പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ഇതിനോടകം തന്നെ എത്തിയിരുന്നു. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് ഈ ദൗത്യം സൗജന്യമായി ഏറ്റെടുത്തത്. മെഡിക്കല്‍ ടീം ചൊവ്വാഴ്‌ച മുതല്‍ സൗജന്യ പരിശോധന ക്യാമ്പ് ആരംഭിച്ചിരുന്നു.
ബ്രഹ്മപുരം വിഷയത്തില്‍ മമ്മൂട്ടിയുടെ ഇടപെടലുകളെ കുറിച്ച് താരത്തിന്‍റെ പേഴ്‌സണല്‍ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് പങ്കുവച്ച പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. 'പുനെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങി എത്തിയതിന്‍റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. 'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' ആ ചോദ്യത്തില്‍ ഉണ്ടായിരുന്നു കടലോളമുള്ള കരുതല്‍. 'നമ്മള്‍ ചെയ്‌താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും' മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്‍റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു.
ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആന്‍റ് ഷെയറിന്‍റെ സാരഥികളില്‍ ഒരാളുമായ എസ്. ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ. മുരളീധരന്‍, ഫാ. തോമസ് കുര്യന്‍ എന്നിവരുമായി തുടര്‍ ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നു വരുന്നു. ആദ്യ ഘട്ടത്തില്‍ രാജഗിരിയിലെ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തുന്നു.
വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം. ഒടുവില്‍ ചൊവ്വാഴ്‌ച രാവിലെ വിഷപ്പുക ഏറ്റവും കൂടുതല്‍ ബാധിച്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ബ്രഹ്മപുരത്ത് നിന്ന് രാജഗിരിയിലെ ഡോക്‌ടര്‍മാരുടെ സംഘം പര്യടനം തുടങ്ങി. അവര്‍ മൂന്നു ദിവസങ്ങളില്‍ മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ശ്വാസം മുട്ടിക്കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീടിന് അടുത്തേക്കെത്തും.
ഇത് ഒരു തുടക്കം മാത്രമാണെന്ന് മമ്മൂക്കയുടെ ഓര്‍മപ്പെടുത്തല്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യഥാക്രമം കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയലെ വടക്കേ ഇരുമ്പനം എന്നിവിടങ്ങളില്‍ മെഡിക്കല്‍ സംഘം പരിശോധന പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങളും ഉടനെ ഉണ്ടാകും.
ഇത് മമ്മൂട്ടി എന്ന മനുഷ്യന്‍റെ, അദ്ദേഹത്തിന് അപരനോടുള്ള അപാരമായ കരുതലിന്‍റെ അടയാളങ്ങളില്‍ ഒന്നു മാത്രം. ആ മനസ്സില്‍ ഇനിയുമുണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങള്‍ ഒപ്പുന്നതിനുള്ള സ്‌നേഹത്തൂവാലകള്‍. ആ യാത്രയില്‍ ഒപ്പം ചേരാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകളില്‍ ഒന്ന് എന്നത് വ്യക്തിപരമായ സന്തോഷം, അഭിമാനം.' - റോബര്‍ട്ട് കുര്യാക്കോസ് കുറിച്ചു.
ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മോഹന്‍ലാലും പ്രതികരിച്ചിരുന്നു. ബ്രഹ്മപുരം മാലിന്യം അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധ ക്ഷണിച്ച് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ആന്‍റണി ഗ്രേസ് തുടങ്ങി നിരവധി താരങ്ങളും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
Also Read:'കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണം'; അഭ്യര്‍ഥനയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും