ഹൈദരാബൈദ്:മേക്കിങ്ങ് മികവിലൂടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കിയ സിനിമയാണ് ‘കാന്താര’. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലും അഭിനയ മികവിലും കന്നഡ സിനിമ എന്നതിലുപരി ഇന്ത്യൻ സിനിമ രംഗത്തു തന്നെ വിസ്‌മയം സൃഷ്‌ടിക്കുകയായിരുന്നു കാന്താര. സിനിമ കണ്ട ഒരോ പ്രേക്ഷകനും സിനിമയുടെ ഒരോ ഭാഗവും തങ്ങളുടെ മനസ്സിൽ ഒരുപാടു കാലം കൊണ്ടു നടക്കാൻ പാകത്തിനാണ് സിനിമ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഒടിടി പ്ലേ ചേഞ്ച് മേക്കേഴ്‌സ് അവാർഡ്: ഒടിടി പ്ലേ ചേഞ്ച് മേക്കേഴ്‌സ് അവാർഡ് പരിപാടിക്കായി എത്തിയ ഋഷഭ് ഷെട്ടി തൻ്റെ പരമ്പരാഗത വസ്ത്രധാരണ രീതി സ്വീകരിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത്. അവാർഡ് നിശകളിലെ പതിവ് വസ്‌ത്രമായ കോട്ടും സ്യൂട്ടുമെല്ലാം ഒഴിവാക്കി ഒരു പക്കാ ദക്ഷിണേന്ത്യക്കാരനെപ്പോലെ വെളുത്ത മുണ്ടും ഷർട്ടും ധരിച്ചാണ് ഋഷഭ് പരിപാടിക്ക് എത്തിയത്. തൻ്റെ വേറിട്ട വസ്ത്രധാരണം കൊണ്ടു തന്നെ അവാർഡ് നിശയിലെ മുഖ്യ ആകർഷണമായി മാറാനും ഋഷഭിന് കഴിഞ്ഞു.
അദ്ദേഹം നേടിയ അവാർഡിനേക്കാൾ കൂടുതൽ, ആരാധകർക്ക് അദ്ദേഹത്തിന് തൻ്റെ സംസ്കാരത്തോടുള്ള സ്നേഹവും അദ്ദേഹത്തിൻ്റെ പെരുമാറ്റവുമാണ് ഇഷ്‌ട്ടപ്പെട്ടത്. നടൻ തന്നെ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പരിപാടിയിൽ താൻ അവാർഡ് സ്വീകരിക്കുന്നതിൻ്റെയും, അതു കഴിഞ്ഞുള്ള തൻ്റെ പ്രസംഗത്തിൻ്റെയും വീഡിയോ പങ്കുവച്ചിരുന്നു. അവാർഡുമായി നിൽക്കുന്ന ഫോട്ടോയും പോസ്റ്റിൽ ഋഷഭ് ഉൾപ്പെടുത്തി.
അവാർഡിനൊപ്പം ഉള്ള തൻ്റെ ഫോട്ടോക്ക് ശേഷം ഋഷഭ് പങ്കുവച്ചത് തൻ്റെ സുഹൃത്തുക്കളും മലയാള സിനിമ താരങ്ങളുമായി ജോജു ജോർജും, ബേസിൽ ജോസഫുമൊത്തുള്ള സെൽഫിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായ ഋഷഭിൻ്റെ പോസ്റ്റിന് കമൻ്റുകളുമായി ആരാധകരുടെ കുത്തൊഴുക്കാണ് പിന്നീട് കാണാൻ സാധിച്ചത്. അദ്ദേഹത്തിൻ്റെ വിജയത്തിന് അഭിനന്ദനങ്ങളുമായി ഒരുപാട് ആരാധകരാണ് കമൻ്റ് വിഭാഗത്തിൽ എത്തിയത്.