ബെംഗളൂരു : ആഗോള പ്രദര്‍ശന ശാലകളില്‍ കോളിളക്കം സൃഷ്‌ടിച്ച സിനിമയായിരുന്നു 'കാന്താര'. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റിലീസ് ചെയ്‌ത ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ എന്ന നേട്ടം കാന്താരയ്‌ക്ക് സ്വന്തമാണ്. ലോകമെമ്പാടുമായി 450 കോടിയാണ് ചിത്രം നേടിയത്.
വരാനിരിക്കുന്നത് ഒന്നാം ഭാഗം :100 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സിനിമ എന്ന നേട്ടവും കാന്താരയ്‌ക്ക് തന്നെ. ഇപ്പോഴിതാ, നൂറാം ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. 'നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണ്, ചിത്രത്തിന്‍റെ ഒന്നാം ഭാഗം വരാനിരിക്കുന്നതേയുള്ളൂ' എന്നായിരുന്നു പ്രഖ്യാപനം.
കാന്താരയുടെ നൂറാം വിജയാഘോഷ ചടങ്ങില്‍ നിന്നും ചിത്രത്തിന്‍റെ നൂറാം ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ബെംഗളൂരുവില്‍ ഹൊംബാലെ ഫിലിംസ് ഉടമ വിജയ് കിരഗണ്ടൂറിന്‍റെ നേതൃത്വത്തില്‍ അതിഗംഭീരമായാണ് സംഘടിപ്പിച്ചത്. ചിത്രത്തിലെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ തിയേറ്റര്‍ ഉടമകള്‍ എന്നിവരടക്കം സന്നിഹിതരായിരുന്നു.
നന്ദി അറിയിച്ച് ഋഷഭ് ഷെട്ടി:'കാന്താരയുടെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തിരക്കഥ ആദ്യമായി ഹൊംബാലെ ഫിലിംസിലെ കാര്‍ത്തിക് ഗൗഡയോടും ശേഷം, വിജയ് കിരഗണ്ടൂര്‍ സാറിനോടുമാണ് ഞാന്‍ പങ്കുവച്ചത്. കഥ കേട്ടയുടനെ തന്നെ ഹൊംബാലെ ഫിലിംസ് ചിത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു'-ഋഷഭ് ഷെട്ടി പറഞ്ഞു.
'പൂര്‍ണ പിന്തുണ നല്‍കി ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ചിത്രം വിജയകരമാക്കി തീര്‍ക്കാന്‍ സഹായിച്ച വിജയ് കിരഗണ്ടൂര്‍ സാറിന് ഞാന്‍ നന്ദി പറയുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍, മാധ്യമ സുഹൃത്തുക്കള്‍, പിന്നെ സിനിമ വിജയകരമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഭാര്യ പ്രഗതിയ്‌ക്ക് പ്രത്യേക നന്ദി' - ഋഷഭ് ഷെട്ടി പറഞ്ഞു.
ചിത്രത്തിന്‍റെ നൂറാം ദിന ചടങ്ങില്‍ നിര്‍മാതാവായ റോക്ക് ലൈന്‍ വെങ്കടേഷ്, കർണാടക ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ്, സപ്‌തമി ഗൗഡ, നിര്‍മാതാവായ വിജയ് കിരഗണ്ടൂര്‍, സംഗീത സംവിധായകന്‍ അജാനിഷ് ലോക്‌നാഥ്, ഗായകനായ വിജയ് പ്രകാശ്, കെആര്‍ജി സ്‌റ്റുഡിയോ ഉടമ കാര്‍ത്തിക്, യോഗി ജി രാജ് തുടങ്ങിയവരും പങ്കെടുത്തു.
സിനിമ സൂപ്പര്‍ഹിറ്റായ ശേഷം അടുത്ത ഭാഗങ്ങള്‍ ഇറക്കുന്നത് ചലച്ചിത്ര മേഖലയെ സംബന്ധിച്ച് പുതിയ കാര്യമല്ല. എന്നാല്‍, കാന്താരയുടെ ഒന്നാം ഭാഗമാണ് ഇനി വരാനിരിക്കുന്നത് എന്ന പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കാന്താരയുടെ നൂറാം വിജയാഘോഷ ചടങ്ങില്‍ നിന്നും രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മാതാവിന്‍റെ പ്രഖ്യാപനം :കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായി വിജയ് കിരഗണ്ടൂരിനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പഞ്ചുരുളി ദൈവ എന്ന ഭൂതകോലത്തിന്‍റെ പൂര്‍വ കഥയെ അടിസ്ഥാനമാക്കിയാണ് പ്രീക്വല്‍ ഒരുങ്ങുന്നത്.
പ്രൊജക്‌ടിന്‍റെ രചന ഋഷഭ് ഷെട്ടി ആരംഭിച്ചതായും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേയ്‌ക്ക് പോയിരിക്കുകയാണെന്നും നിര്‍മാതാവ് പറഞ്ഞു. ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതിനാലാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്- വിജയ് കിരഗണ്ടൂര്‍ അറിയിച്ചു.