റിധി ദോഗ്രയും ബരുൺ സോബ്‌തിയും ഒന്നിക്കുന്ന 'ബദ്‌തമീസ് ദിൽ' വെബ് സീരീസിന്‍റെ ട്രെയിലർ പുറത്ത്. ബോളിവുഡ് ആല്‍ബങ്ങളിലൂടെയും മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെയും പ്രേക്ഷക മനം കീഴടക്കിയ താരങ്ങളാണ് റിധി ദോഗ്രയും ബരുൺ സോബ്‌തിയും. ഇരുവരും കൈകോർക്കുന്ന വെബ് സീരീസിന്‍റെ ട്രെയിലർ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ജൂൺ ഒന്‍പതിന് ആമസോൺ മിനി ടിവിയിലൂടെ പ്രദർശനത്തിനെത്തുന്ന സീരീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ബദ്‌തമീസ് ദിൽ ട്രെയിലർ യൂട്യൂബില്‍ മാത്രം ഇതുവരെ കണ്ടത് 1.3 മില്യണിലേറെ ആളുകളാണ്. 'പഴയകാല' പ്രണയ സങ്കല്‍പ്പങ്ങളിൽ വിശ്വസിക്കുന്ന ഒരു പെൺകുട്ടിയുടെയും 'ആധുനിക കാലത്തെ' പ്രണയ രീതികളെ പിന്തുടരുന്ന ആൺകുട്ടിയുടെയും യാത്രയാണ് ട്രെയിലർ അവതരിപ്പിക്കുന്നത്.
ഒരു മിനിറ്റ് 35 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറില്‍ മികച്ച പ്രകടനംകൊണ്ട് കയ്യടി നേടുകയാണ് റിധി ദോഗ്രയും ബരുൺ സോബ്‌തിയും. റിധിയുടെ കഥാപാത്രം പരമ്പരാഗത പ്രണയ രീതികളിൽ ഉറച്ചുനിൽക്കുമ്പോൾ, ബരുണിന്‍റെ കഥാപാത്രത്തിന് പ്രണയത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ അതില്‍ നിന്നും തീർത്തും വ്യത്യസ്‌തമാണ്. പ്രണയവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വിരുദ്ധ ആശയങ്ങളുള്ള രണ്ടുപേരുടെ കൂടിച്ചേരല്‍ തന്നെയാകും 'ബദ്‌തമീസ് ദിൽ' പരമ്പരയുടെ മാറ്റ് കൂട്ടുക എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ.
ക്ലാസിക് റൊമാൻസ് എന്നത് സ്‌ക്രീനിൽ പകർത്താൻ കഴിയുന്ന ഒരു നല്ല വികാരമാണെന്നും 'ബദ്‌തമീസ് ദിൽ' ആ ജോലി നന്നായി ചെയ്‌തെന്നുമാണ് പരമ്പരയെ കുറിച്ച് റിധി പറയുന്നത്. പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിലും എളുപ്പവഴി തെരഞ്ഞെടുക്കുന്നതിലും കമിതാക്കൾ പരാജയപ്പെടുന്നു.
ഇത്തരത്തില്‍ ഇക്കാലത്ത് കമിതാക്കൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളാണ് ഈ പരമ്പര ചിത്രീകരിക്കുന്നതെന്ന് പറഞ്ഞ റിധി അവർക്കിടയിലുള്ള പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകൾ 'ബദ്‌തമീസ് ദിൽ' മുന്നോട്ട് വെക്കുന്നുണ്ടെന്നും പറഞ്ഞു. പ്രേക്ഷകരെ 'ബദ്‌തമീസ് ദിൽ' ഇക്കാര്യങ്ങളില്‍ തീർച്ചയായും സഹായിക്കുമെന്നാണ് താൻ കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.