മുംബൈ:സ്കോട്ടിഷ് നടൻ റിച്ചാർഡ് മാഡൻ ഞായറാഴ്‌ച ഇന്ത്യയിലെത്തി. ആഗോള സീരീസായ ‘സിറ്റഡൽ’ ൻ്റെ ഏഷ്യ-പസഫിക് മേഖലയിലുള്ള പ്രൊമോഷൻ കാമ്പയിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് താരം ഇന്ത്യയിലെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോഗ്രാഫുകൾ പ്രകാരം ഞായറാഴ്‌ച രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരം അംഗരക്ഷകരുടെ അകമ്പടിയോടെ കാറിൽ പുറപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്.
കറുപ്പ് നിറമുള്ള ടീ ഷർട്ടും സൺഗ്ലാസും ധരിച്ച താരത്ത പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. പ്രൈം വീഡിയോയുടെ സ്പൈ ത്രില്ലർ സീരീസായ ‘സിറ്റഡൽ’ ൽ ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര ജോനാസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തൻ്റെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനും, മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനും ഒപ്പം പ്രിയങ്ക വെള്ളിയാഴ്‌ച തന്നെ ഇന്ത്യയിലെത്തിയിരുന്നു.
പ്രിയങ്കയും, റിച്ചാർഡ് മാഡനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിൻ്റെ രണ്ടാമത്തെ ട്രെയിലർ മാർച്ച് 31 ന് പുറത്തിറങ്ങിയിരുന്നു. മുൻപേ റിലീസ് ചെയ്യാനിരുന്ന സീരീസിൻ്റെ രണ്ടാമത്തെ ട്രെയിലർ ഗ്രീസിൽ ഉണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. പിന്നീട് പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ട്രെയിലർ റിലീസ് ചെയ്യുകയായിരുന്നു.
‘സിറ്റഡൽ’ എന്ന രഹസ്യാന്വേഷണ ഏജൻസി:‘സിറ്റഡൽ’ എന്ന രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മേസൺ കെയ്ൻ (റിച്ചാർഡ്), നാദിയ സിൻ (പ്രിയങ്ക) എന്നീ ഏജൻ്റുകളായാണ് സീരീസിൽ പ്രിയങ്കയും മാഡനും വേഷമിടുന്നത്. ആഗോള ചാരസംഘടനയായ സിറ്റാഡലിൻ്റെ പതനത്തിനു ശേഷം രക്ഷപ്പെടുന്ന ഇരുവരുടെയും ഓർമ്മകളും തുടച്ചു നീക്കപ്പെടുന്നു.