ഹൈദരാബാദ്:ഹോളി ആഘോഷത്തിനിടെ വിനോദ സഞ്ചാരിയായ ഒരു വിദേശ പെണ്‍കുട്ടിയ്‌ക്ക് നേരെ കളര്‍ എറിയുന്ന യുവാക്കളുടെ വീഡിയോ പങ്കുവച്ച് പ്രതികരിച്ച് നടി റിച്ച ഛദ്ദ. വീഡിയോ പങ്കിട്ട് താരം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ; ''വിനോദ സഞ്ചാരിയായ പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നത് കണ്ടു. ഇവരെ അറസ്റ്റ് ചെയ്യണം''. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരു ജാപ്പനീസ് പെണ്‍കുട്ടിയ്‌ക്ക് നേരെ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് ഹോളി കളര്‍ എറിയുകയും അവളുടെ തലയില്‍ മുട്ട വച്ച് പൊട്ടിക്കുകയും കൂട്ടം കൂടി അവളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് താരം ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്.
മാര്‍ച്ച് എട്ടിന് അന്താരാഷ്‌ട്ര വനിത ദിനത്തിലാണ് താരം ഈ വീഡിയോ ഷെയര്‍ ചെയ്‌തത്. റാം സുബ്രഹ്മണ്യന്‍ എന്നയാളാണ് ആദ്യം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഇതിന് റാം കാപ്‌ഷന്‍ നല്‍കിയത് ഇങ്ങനെ. ''മറ്റൊരു രാജ്യത്ത് എത്തിയ നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ആണ് ഇങ്ങനെ പെരുമാറുന്നതെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഇതിന്‍റെ വിഷമം എന്താണെന്നുള്ളത്'', വീഡിയോ ട്വിറ്ററില്‍ പങ്കിട്ട തൊട്ടടുത്ത നിമിഷം മുതല്‍ ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് കമന്‍റുകള്‍ എത്തി തുടങ്ങി. നിരവധി പേരാണ് സംഭവത്തില്‍ അതൃപ്‌തി അറിയിച്ച് രംഗത്തെത്തിയത്.
വനിത ദിനാശംസകള്‍ എന്ന കാപ്‌ഷനോട് കൂടി ഇതേ വീഡിയോ താരം നേരത്തെ പങ്കിട്ടിരുന്നു. എന്നാല്‍ പിന്നീടാണ് ഇതിനെതിരെ വിമര്‍ശനമുയര്‍ത്തി താരം ട്വിറ്ററില്‍ തന്‍റെ അസംതൃപ്‌തി രേഖപ്പെടുത്തിയത്. വീഡിയോയ്‌ക്ക് താഴെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിച്ച എഴുതിയ കാപ്‌ഷന് മറുപടിയായി ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ.''ഇത് ക്രിമിനല്‍ കുറ്റമാണ്. ഈ പുരുഷന്മാരോട് നാണക്കേട് തോന്നുകയാണ്. ഇതാണോ അവരുടെ ആഘോഷത്തിന്‍റെ ആശയം? ഇത് ഹിന്ദു സംസ്‌കാരമാണോ? ഇതിനെതിരെ കൂടുതല്‍ ആളുകള്‍ ശബ്‌ദമുയര്‍ത്തേണ്ടതുണ്ട്. ഇത് നമ്മുടെ സംസ്‌കാരമാകാന്‍ പാടില്ല''.