ഹൈദരാബാദ്: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, സച്ചിയല്ലാതെ മരണാനന്തരം അതേവർഷം മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടുന്ന മറ്റൊരാള്‍ ഉണ്ടാകില്ല. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സച്ചി എന്ന, അഡ്വക്കേറ്റ് കെ.ആർ സച്ചിദാനന്ദന്‍റെ സംവിധാന മികവ് പൂര്‍ണമായും സിനിമ ആസ്വാദകര്‍ മനസിലാക്കിയത്. ഒടുവില്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം എത്തിയപ്പോള്‍, അത് സ്വീകരിക്കാന്‍ കാത്തു നില്‍ക്കാതെ സച്ചി പോയത് സിനിമ പ്രേമികള്‍ക്ക് നൊമ്പരമായി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ചിത്രത്തിലെ ഗാനാലാപനത്തിന് നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. നഞ്ചിയമ്മ... അട്ടപ്പാടിയിലിലെ ആദിവാസി ഊരില്‍ നിന്ന് സച്ചി കണ്ടെത്തിയ പ്രതിഭ. നഞ്ചിയമ്മയുടെ പുരസ്‌കാര നേട്ടം രേഖപ്പെടുത്തുമ്പോള്‍ സച്ചിയെ ഓര്‍ക്കാതെ വയ്യ.
എഴുത്തുകാരനായ സേതുനാഥുമായി ചേര്‍ന്ന്, 'സച്ചി-സേതു' കൂട്ടുകെട്ടില്‍ തിരക്കഥകൾ എഴുതിയാണ് സച്ചി മലയാള സിനിമയിൽ തുടക്കം കുറിച്ചത്. മലയാളത്തിൽ നിരവധി ഹിറ്റുകൾ സൃഷ്‌ടിച്ച ഇരുവരും പിന്നീട് പിരിയുകയായിരുന്നു. ഒരു സ്വതന്ത്ര തിരക്കഥാകൃത്ത് എന്ന നിലയിൽ, സച്ചി തന്‍റെ കരിയറില്‍ മികച്ച വിജയങ്ങൾ നേടി.