കേരളം

kerala

ETV Bharat / entertainment

മലയാളികളുടെ ഗൃഹാതുരതയുടെ മറുപേര് ; ഓര്‍മകളില്‍ എം ജി രാധാകൃഷ്‌ണന്‍ - mg radhakrishnan music

സംഗീതം കൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച എം ജി രാധാകൃഷ്‌ണന്‍റെ ഓർമയില്‍ മലയാളികൾ...

sitara  എം ജി രാധാകൃഷ്‌ണന്‍ ഓ‍ർമയായിട്ട് 13 വർഷങ്ങൾ  എം ജി രാധാകൃഷ്‌ണന്‍ ഓ‍ർമ  എം ജി രാധാകൃഷ്‌ണന്‍റെ ഓർമയില്‍ മലയാളികൾ  എം ജി രാധാകൃഷ്‌ണന്‍റെ ഓർമയില്‍  എം ജി രാധാകൃഷ്‌ണന്‍റെ ഓർമ  മലബാർ ഗോപാലൻ രാധാകൃഷ്‌ണൻ  സംഗീതജ്ഞൻ  സംഗീതജ്ഞൻ എം ജി രാധാകൃഷ്‌ണന്‍  mg radhakrishnan  remembering music director mg radhakrishnan  remembering mg radhakrishnan  music director mg radhakrishnan  mg radhakrishnan songs  എം ജി രാധാകൃഷ്‌ണന്‍റെ പാട്ടുകൾ
മലയാളികളുടെ ഗൃഹാതുരതയുടെ മറുപേര്; എം ജി രാധാകൃഷ്‌ണന്‍ ഓ‍ർമയായിട്ട് 13 വർഷങ്ങൾ

By

Published : Jul 2, 2023, 12:28 PM IST

സംഗീതം കൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച ഒരു അതുല്യ കലാകാരന്‍റെ ഓർമ ദിനമാണ് ഇന്ന്. അതെ, ഒരു സൂര്യ കിരീടമായി ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജ്വലിച്ച് നിൽക്കുന്ന, ഹൃദയമുരളിയിലൊഴുകുന്ന ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മലബാർ ഗോപാലൻ രാധാകൃഷ്‌ണൻ എന്ന സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട എം.ജി. രാധാകൃഷ്‌ണന്‍റെ 13-ാം ചരമ വാർഷിക ദിനം. ഒരിക്കലും മതിവരാത്ത അമൃതായിരുന്നു അദ്ദേഹം നമ്മിലേക്ക് ഒഴുക്കിവിട്ട ഗാനങ്ങളത്രയും.

മലയാളികൾക്ക് ഗൃഹാതുരതയുടെ മറ്റൊരു പേര് കൂടിയാണ് എം ജി രാധാകൃഷ്‌ണന്‍. പോയ കാല ഓർമകളിലേക്ക് ഊളിയിടാൻ എംജിയുടെ ഗാനങ്ങൾ യഥേഷ്‌ടം നമ്മെ അനുവദിക്കുന്നു. മലയാളിത്തമുള്ള ഗാനങ്ങളാണ് അദ്ദേഹത്തിന്‍റേത്.

നിരവധിയായ ശ്രുതിമധുര ഗാനങ്ങളിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്‍റേതായ ഇടം മെനഞ്ഞെടുത്ത സംഗീത സംവിധായകനാണ് എം.ജി. രാധാകൃഷ്‌ണന്‍. 1978 മുതലാണ് അദ്ദേഹത്തിന്‍റെ സംഗീത മാധുര്യം മലയാളികൾ നുണഞ്ഞുതുടങ്ങുന്നത്. ജി അരവിന്ദൻ സംവിധാനം ചെയ്‌ത 'തമ്പ്' എന്ന ചിത്രത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ യാത്ര മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആ യാത്രയിലുടനീളം മലയാളികളും അദ്ദേഹത്തിന് അകമ്പടിയേകി.

സൂര്യ കിരീടം വീണുടഞ്ഞു..., ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ..., അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ..., പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ..., വരുവാനില്ലാരുമീ... പ്രമദവനം വീണ്ടും..., ഹരിചന്ദന മലരിലെ മധുവായ്...' അങ്ങനെ എത്രയെത്ര ഗാനങ്ങൾ!. പറഞ്ഞാലും പാടിയാലും മതിവരാത്ത എത്രയോ അതിമനോഹര ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം കാലയവനികയ്‌ക്കുള്ളിലേക്ക് മറഞ്ഞത്.

അദ്ദേഹത്തിന്‍റെ ഓരോ ഈണവും ഒരോ സംഗീതാനുഭൂതിയാണ് കേൾവിക്കാരന്‍റെ ഉള്ളില്‍ സൃഷ്‌ടിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളായ 'തമ്പ്, തകര, ആരവം' തുടങ്ങിയവയിലെ പാട്ടുകളില്‍ നാടോടി സംഗീതത്തിന്‍റെ സ്വാധീനം പ്രതിഫലിക്കുന്നതായി കാണാം. 'അദ്വൈത'ത്തിലെ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനത്തില്‍ ഇടയ്‌ക്ക കൊണ്ട് സംഗീതത്തിന്‍റെ മറ്റൊരു തലം അദ്ദേഹം തീർത്തു. 'ഹിസ് ഹൈനസ് അബ്‌ദുള്ള, മണിച്ചിത്രത്താഴ്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും നമ്മെ വേറേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

പാട്ടുകൾക്ക് മരണമില്ല...: ‘മൗനമേ’ (തകര), 'നാഥാ നീ വരും (ചാമരം) 'മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി’ (അദ്വൈതം), ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ (ഞാന്‍ ഏകനാണ്), ‘ഒരു പൂവിതളില്‍ നറു പുഞ്ചിരിയായ്’ (അഗ്നിദേവന്‍),’ ഒന്നാംകുന്നിൽ ഓരടി കുന്നിൽ (ധിം തരികിട തോം), 'പൂമുഖ വാതിൽക്കൽ' (രാക്കുയിലിന രാഗ സദസിൽ), ഒരു ദലം മാത്രം (ജാലകം), 'അല്ലിമലർ കാവിൽ പൂരം കാണാൻ' (മിഥുനം), 'പിണക്കമാണോ’ (അനന്തഭദ്രം), ‘കൈതപ്പൂവില്‍’ (കണ്ണെഴുതി പൊട്ടുംതൊട്ട്), പോരൂ നീ വാരിളം ചന്ദ്രലേഖേ (കാശ്മീരം), ‘നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ’ (അഗ്നിദേവന്‍), ‘സാമഗാനസാരഥി ഇടറിവീണുറങ്ങിയോ’ (അഗ്നിദേവന്‍), ‘ഓ മൃദുലേ’ (ഞാന്‍ ഏകനാണ്), ‘പൊന്നാര്യന്‍പാടം’ (രക്തസാക്ഷികള്‍ സിന്ദാബാദ്), ‘പനിനീര്‍പൂവിതളില്‍’ (സര്‍വകലാശാല), ‘ഹരിചന്ദനമലരിലെമധുവായ്’ (കണ്ണെഴുതി പൊട്ടുംതൊട്ട്), ‘അല്ലികളില്‍’ (പ്രജ), ‘അകലെയാണെങ്കിലും’ (പ്രജ), ‘എന്തിത്ര വൈകി’ (പകല്‍), 'കാറ്റേ നീ വീശരുതിപ്പോൾ' (കാറ്റ് വന്ന് വിളിച്ചപ്പോൾ) തുടങ്ങിയവ ഇപ്പോഴും പ്രേക്ഷകര്‍ തേടിപ്പിടിച്ച് കേള്‍ക്കുന്ന എംജി രാധാകൃഷ്‌ണൻ മാജിക്കുകളാണ്.

'ദേവാസുരം' എന്ന സിനിമയില്‍ 'വന്ദേ മുകുന്ദ ഹരേ’ എന്ന രണ്ടുവരി ശ്ലോകം പാടിയിട്ടുമുണ്ട് അദ്ദേഹം. 2001 ൽ 'അച്ഛനെയാണെനിക്കിഷ്‌ടം' എന്ന ചിത്രത്തിലെയും 2005 ൽ 'അനന്തഭദ്രം' എന്ന ചിത്രത്തിലെയും ഈണങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എംജി രാധാകൃഷ്‌ണനെ തേടിയെത്തിയിരുന്നു.

മലയാള സിനിമാസംഗീതത്തിന് ലളിതവും മനോഹരവുമായ ഗാനങ്ങൾ സമ്മാനിച്ച എംജി രാധാകൃഷ്‌ണൻ 1940 ജൂലൈ 29 ന്, പ്രശസ്‌ത ഹാർമോണിസ്റ്റും ശാസ്‌ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീത അധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായാണ് പിറന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിനൊപ്പമുള്ള യാത്ര അദ്ദേഹം ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം സ്വാതി തിരുന്നാൾ അക്കാദമിയിൽ നിന്ന് സംഗീത പഠനം പൂർത്തിയാക്കിയ അദ്ദേഹം ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു. 1962 ൽ ആയിരുന്നു ഇത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ആകാശവാണിയിൽ രാവിലെ പ്രക്ഷേപണം ചെയ്‌തിരുന്ന ലളിത സംഗീതപാഠം രാധാകൃഷ്‌ണന്‍റെ വരവോടെയാണ് ഏറെ ജനപ്രിയമായതെന്ന് പറയാം. കാവാലമെഴുതി അദ്ദേഹം ചിട്ടപ്പെടുത്തിയ 'ഘനശ്യാമ സന്ധ്യാഹൃദയം നിറയെ മുഴങ്ങീ മഴവില്ലിന്‍ മാണിക്യവീണ…, ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍' എന്നീ ഗാനങ്ങൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ലളിത സംഗീതത്തിന്‍റെ ചേരുവകൾ സിനിമ സംഗീതത്തിലും പ്രയോഗിച്ച് മലയാളി ശ്രോതാക്കൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചു അദ്ദേഹം. ശാസ്‌ത്രീയ സംഗീതത്തിലെ അദ്ദേഹത്തിന്‍റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. കച്ചേരികളില്‍ അനായാസം ശ്രുതി മഴ പെയ്യിക്കുന്ന അദ്ദേഹം ഇന്നും ഒരു അത്ഭുതമാണ്.

മലയാള ചലച്ചിത്ര ഗാനരംഗത്തിനും ലളിത സംഗീത രംഗത്തിനും നിരവധി സംഭാവനകൾ നൽകിയ എംജി രാധാകൃഷ്‌ണൻ 2010ജൂലൈ 2നാണ് തന്‍റെ 69-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞത്. സംഗീതലോകത്തിന് തീരാനഷ്‌ടം തന്നെയായിരുന്നു ആ വിടവാങ്ങല്‍. എന്നാല്‍ താൻ സംഗീതം പകർന്ന ഗാനങ്ങളിലൂടെ മലയാളികളുടെ ഉള്ളില്‍ ഇന്നും ജീവിക്കുന്നുണ്ട് അദ്ദേഹം. മനോഹരമായൊരു ശാലീനത സംഗീതത്തില്‍ തുളുമ്പി നിൽക്കുന്നതുകൊണ്ടുതന്നെയാവണം ഇത്ര കാലം കഴിഞ്ഞിട്ടും എംജി രാധാകൃഷ്‌ണന്‍റെ പാട്ടുകൾ നമ്മുടെ കേൾവിയെ കൊഞ്ചിച്ചുകൊണ്ടേയിരിക്കുന്നത്.

പ്രണയവും വിരഹവും ദുഃഖവും ആനന്ദവും സന്തോഷവുമെല്ലാം എംജി രാധാകൃഷ്‌ണന്‍റെ ഈണങ്ങളില്‍ കടന്നുവരാറുണ്ട്. സംഗീതാസ്വാദകന്‍റെ ഹൃദയത്തിൽ പാടിപ്പതയുന്ന, പണ്ടെങ്ങോ മാഞ്ഞുപോയ പ്രണയനൊമ്പരം വീണ്ടും നിറയ്‌ക്കുന്ന, ഹൃദയത്തിന്‍റെ ആഴങ്ങളിലെവിടെയോ വിഷാദത്തിന്‍റെ വിത്തുപാകുന്ന ഗാനങ്ങൾ. മരണമില്ല ആ ഗാനങ്ങൾക്കും അവയുടെ സ്രഷ്‌ടാവിനും.

ABOUT THE AUTHOR

...view details