കേരളം

kerala

ETV Bharat / entertainment

Michael Jackson death anniversary | തലമുറകളുടെ സിരകളില്‍ താളം ചവിട്ടിയ പ്രതിഭ; മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് 14 വർഷം - പോപ്

പ്രശയ്‌തിയുടെയും പ്രതിസന്ധികളുടെയും നടുവിൽ തനിക്ക് മാത്രം സ്വന്തമായ ഇടം അവശേഷിപ്പിച്ച് ജാക്‌സൺ കടന്നുപോയിട്ട് 14 വർഷം...

sitara  remembering Michael Jackson death anniversary  remembering Michael Jackson  Michael Jackson death anniversary  Michael Jackson  American singer songwriter Michael Jackson  മൈക്കൽ ജാക്‌സൺ  മൈക്കിൾ ജാക്‌സൺ  തലമുറകളുടെ സിരകളില്‍ താളം ചവിട്ടിയ മൈക്കൽ ജാക്‌സൺ  മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് 14 വർഷം  മൈക്കൽ ജാക്‌സൺ ഓർമ  ഓർമയിൽ മൈക്കൽ ജാക്‌സൺ  മൈക്കൽ ജാക്‌സൺ ചരമവാർഷികം  പോപ്  പോപ് ഗായകൻ
തലമുറകളുടെ സിരകളില്‍ താളം ചവിട്ടിയ പ്രതിഭ; മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് 14 വർഷം

By

Published : Jun 25, 2023, 10:58 AM IST

മൈക്കൽ ജാക്‌സൺ...ഒരു കാലത്ത് ലോകം തന്നെ ഈ പേരിലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ട്. പാശ്ചാത്യ - ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായിരുന്നു മൈക്കൽ ജാക്‌സൺ. വിടവാങ്ങിയിട്ട് 14 വർഷങ്ങൾക്കിപ്പുറവും പ്രായഭേദമന്യെ അയാളുടെ പേര് മനുഷ്യർ ഓർത്തുവയ്ക്കു‌ന്നു.

അതെ, മൈക്കൽ ജാക്‌സൺ ഒരു വികാരം തന്നെയായിരുന്നു. പ്രശയ്‌തിയുടെയും പ്രതിസന്ധികളുടെയും നടുവിൽ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്‌സൺ കടന്നു പോയി. 2009 ജൂൺ 25, അന്നൊരു ഞായറാഴ്‌ച ആയിരുന്നു. ലോകം മുഴുവൻ ഒരു മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ച ഇരുണ്ട ഞായറാഴ്‌ച.

മൈക്കൽ ജാക്‌സൺ

യഥാർഥത്തില്‍ ആരായിരുന്നു മൈക്കൽ ജാക്‌സൺ? പോപ് രാജാവ് എന്ന് മാത്രം ഒറ്റവാക്കില്‍ പറഞ്ഞ് നിര്‍ത്താന്‍ കഴിയുന്ന പേര് മാത്രമാണോ അത്? ഒരു മനുഷ്യായുസില്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന് കൊടുമുടിയോളം വളർന്നുവന്ന കഠിനാധ്വനത്തിന്‍റെ പേരാണ് മൈക്കൽ ജാക്‌സൺ. ലോകത്തെ മുഴുവൻ തന്‍റെ സംഗീതത്തിന്‍റെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ട പ്രതിഭയുടെ പേരാണ് മൈക്കൽ ജാക്‌സൺ. ഒരു തലമുറയുടെ സിരകളെ ത്രസിപ്പിച്ച താളത്തിന്‍റെ പേരാണ് മൈക്കൽ ജാക്‌സൺ.

മരണാനന്തരവും ആ പ്രശസ്‌തിക്ക്, പ്രതിഭയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് വാസ്‌തവം. ഒരുപക്ഷെ മൈക്കൽ ജാക്‌സണ് മാത്രം അവകാശപ്പെടാനാവുന്ന ഒന്നാവും അത്. അല്ലെങ്കിലും പ്രതിഭകള്‍ക്ക് മരണമില്ലല്ലോ!

മൈക്കൽ ജാക്‌സൺ

ഗിന്നസില്‍ മൈക്കൽ ജാക്‌സണെ അടയാളപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍ എന്നിങ്ങനെ മൈക്കൽ ജാക്‌സണ് വിശേഷണങ്ങള്‍ ഏറെയാണ്. മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ൽ ഫോബ്‌ മാസിക തയാറാക്കിയ പട്ടികയില്‍ ഒന്നാമതായിരുന്നു മൈക്കൽ ജാക്‌സൺ.

2010 മുതൽ 2018 വരെയുള്ള കണക്കെടുത്താൽ ഒറ്റ തവണ മാത്രമാണ് അദ്ദേഹം ഈ പട്ടികയിൽ രണ്ടാമതായത്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ ലോകത്തെ തന്നെ ഏറ്റവും പ്രശസ്‌തനായ വ്യക്തിയാക്കി മൈക്കൽ ജാക്‌സൺ മാറ്റിയതിന് കാലം സാക്ഷിയായി.

1958 ഓഗസ്റ്റ് 29 നാണ് മൈക്കിളിന്‍റെ ജനനം. എട്ടാമത്തെ കുട്ടിയായി ജനിച്ച അവനെ തുടക്കകാലത്ത് ദാരിദ്ര്യം വിടാതെ പിന്തുടർന്നു. കര്‍ക്കശക്കാരമായ അച്ഛന്‍റെ ശിക്ഷണത്തില്‍ സഹോദരങ്ങളോടൊപ്പം 'ദി ജാക്‌സൺ 5' (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കല്‍) എന്ന ബാന്‍റുമായാണ് മൈക്കല്‍ സംഗീത ജീവിതം ആരംഭിക്കുന്നത്. 1960 കളുടെ പകുതിയിൽ ആയിരുന്നു ഇത്.

ട്രൂപ്പിലെ ഏറ്റവും ഇളയവനായിരുന്നല്ലോ മൈക്കല്‍. എന്നിട്ടും പാട്ടുകൊണ്ടും ഞൊടിയിടയില്‍ മാറിമറിയുന്ന ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് അവനായിരുന്നു. പിന്നീട് മൈക്കല്‍ ഒറ്റക്ക് പാടാൻ തുടങ്ങുന്നത് 1971 മുതലാണ്. 1970കളുടെ അവസാനത്തോടെ തന്നെ ജനപ്രിയ സംഗീത രംഗത്ത് ജാക്‌സൺ തന്‍റെ ഇരിപ്പിടം കണ്ടെത്തിയിരുന്നു.

മൈക്കൽ ജാക്‌സൺ

മൈക്കൽ ജാക്‌സന്‍റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങൾ വൻ ജനപ്രീതി നേടി. ഈ വീഡിയോകളുടെ പ്രശസ്‌തി, വർണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ ഇല്ലാതാക്കി. കൂടാതെ ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്‍റെ വളർച്ചയ്‌ക്കും കാരണമായി. സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി അദ്ദേഹം വളരുന്നതാണ് പിന്നീട് ലോകം കണ്ടത്.

ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളും വിജയം കണ്ടു. ഇതോടെ 1990 കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി മൈക്കൽ ജാക്‌സൺ മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌സന്‍റെ മാത്രം സംഭാവനകളാണ്. ഇതിനിടെ സ്റ്റേജ് ഷോകളിലും സംഗീത വീഡിയോകളിലും അഭിനയിക്കുവാനായി ശരീരത്തെ പലതരത്തില്‍ പുനര്‍നിര്‍മിച്ച്, പലതരം സർജറികളിലൂടെ അദ്ദേഹം കടന്നുപോയി.

മൈക്കൽ ജാക്‌സൺ

റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് മൈക്കൽ ജാക്‌സൺ. സോംങ് റൈറ്റേഴ്‌സ് ഹോൾ ഓഫ് ഫെയ്‌മിലും അദ്ദേഹം ഇടം കണ്ടെത്തിയിട്ടുണ്ട്. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ആവസാനത്തെയും വ്യക്തി കൂടിയാണ് മൈക്കൽ ജാക്‌സൺ.

മാത്രമല്ല അനേകം ഗിന്നസ് വേൾഡ് റെക്കോർഡുകൾ, 13 ഗ്രാമി പുരസ്‌കാരങ്ങൾ (ഗ്രാമി ലെജൻഡ് പുരസ്‌കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, നൂറ്റാണ്ടിന്‍റെ കലാകാരൻ (Artist of the Century), ദശാബ്‌ദത്തിന്‍റെ കലാകാരൻ (Artist of the 1980s) പുരസ്‌കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്‌കാരങ്ങളും അദ്ദേഹത്തിന് മാത്രം അവകാശപ്പെടുന്നതാണ്.

മൈക്കൽ ജാക്‌സൺ

മൈക്കൽ ജാക്‌സന്‍റെ പാട്ടുകളുടെ ഏതാണ്ട് 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട് എന്നത് അദ്ദേഹത്തിന്‍റെ ആരാധക വൃന്ദം എത്രമാത്രമാണെന്നതിന്‍റെ സൂചകമാണ്. ജാക്‌സന്‍റെ ലവ് നെവർ ഫെൽട് സോ ഗുഡ് ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തിയിരുന്നു. ഇതോടെ അഞ്ച് വ്യത്യസ്‌ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായും ജാക്‌സൺ മാറി.

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജാക്‌സൺ 50 കോടി ഡോളർ (500 മില്ല്യൺ) ചെലവഴിച്ചിട്ടുണ്ട്. 39 ജീവകാരുണ്യ സംഘടനകളെ അദ്ദേഹം സഹായിച്ചു. ഇത് ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ അദ്ദേഹത്തെ ഗിന്നസ് ബുക്കിലെത്തിച്ചു.

മൈക്കൽ ജാക്‌സൺ

എന്നാല്‍ കുടുംബവും പണത്തെ മാത്രം അടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങിയതോടെ രക്തബന്ധങ്ങളില്‍ നിന്ന് അദ്ദേഹം പതുക്കെ അകന്നു തുടങ്ങി. 'ഞാന്‍ ജീവിതത്തില്‍ ഒരുപാട് പേരെ കണ്ടു. എന്നാല്‍ യഥാര്‍ഥ സുഹൃത്തുക്കളെ വിരലിലെണ്ണാം' -ഒരിക്കല്‍ ജാക്‌സണ്‍ പറഞ്ഞു. വെഗാസിലേയ്ക്ക് താമസം മാറ്റിയപ്പോള്‍ സഹോദരങ്ങളില്‍ നിന്നെല്ലാം ജാക്‌സൺ അകന്നിരുന്നു. റെക്കോര്‍ഡ് കമ്പനിയെ സംബന്ധിച്ച് മൈക്കൽ ജാക്‌സൺ ഒരു കച്ചവടവസ്‌തു മാത്രമായിരുന്നു.

പ്രശസ്‌തിക്കൊപ്പം വിവാദങ്ങളും ജാക്‌സണെ വിടാതെ പിന്തുടര്‍ന്നിരുന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ എന്നിങ്ങനെ പല ആരോപണങ്ങളും അദ്ദേഹത്തിന് നേരെ ഉയര്‍ന്നു. ഇതിനിടെ സൗന്ദര്യം കൂട്ടുന്നതിനായി ചെയ്‌ത ശസ്‌ത്രക്രിയകൾ ത്വക്‌രോഗത്തില്‍ കലാശിച്ചു.

ഒടുവില്‍ അമ്പതാം വയസില്‍ പ്രശസ്‌തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ ജാക്‌സണ്‍ അരങ്ങൊഴിഞ്ഞു. ജാക്‌സണ്‍ തന്നെ സമ്മതിച്ചിട്ടുള്ളതുപോലെ അപൂണനായ ഒരു അച്ഛനായിരുന്നു അദ്ദേഹമെങ്കിലും അവസാനനാളുകള്‍ മൂന്നു മക്കള്‍ക്കൊപ്പം മാത്രമായിരുന്നു. നേരത്തെ കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ ബന്ധങ്ങള്‍ പലപ്പോഴും കോടതി കയറിയിരുന്നു.

പലതും കോടതിക്ക് പുറത്ത് വച്ച് ഒത്തുതീര്‍ന്നെങ്കിലും നിരവധി ലൈംഗീകാരോപണങ്ങളും മയക്കുമരുന്ന് കേസുകളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നു. അദ്ദേഹത്തെ അടുത്തറിയുന്നവരും സ്‌നേഹിതരും മൈക്കലിനെതിരായ ആരോപണങ്ങളെ തള്ളിപ്പറഞ്ഞു. മൈക്കൽ ജാക്‌സന്‍റെ സന്തത സഹചാരിയായിരുന്ന ഡേവിഡ് ഗെസ്റ്റ് നിർമിച്ച് ആൻഡ്രൂ ഈസ്റ്റൽ സംവിധാനം ചെയ്‌ത 'മൈക്കൽ ജാക്‌സൺ: ദി ലൈഫ് ഓഫ് ആൻ ഐക്കൺ' എന്ന ഡോക്യുമെന്‍ററി, ആരായിരുന്നു യഥാർഥത്തില്‍ മൈക്കൽ ജാക്‌സൺ എന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

മൈക്കൽ ജാക്‌സൺ

മൈക്കൽ ജാക്‌സന്‍റെ അമ്മ കാതറീൻ, സഹോദരൻ ടിറ്റോ, സഹോദരി റെബ്ബി, മൈക്കൽ ജാക്‌സണ് കരിയറിലെ ബ്രേക്ക് നൽകിയ സുഹൃത്ത് കൂടിയായ ബോബി ടെയ്‌ലർ, ജാക്‌സണ് പ്രോത്സാഹനം നൽകുകയും അക്കാലത്ത് പ്രശസ്‌തരായിരുന്നവരുമായ ഗായകർ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അവരുടെ അഭിപ്രായങ്ങളും ഡോക്യുമെന്‍ററിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇതുവഴി അദ്ദേഹത്തിന്‍റെ ജീവിതത്തിലെയും കരിയറിലെയും ഉയർച്ച താഴ്‌ചകളാണ് 2011 നവംബറിൽ പുറത്തിറങ്ങിയ ഈ രണ്ടര മണിക്കൂറുള്ള ഡോക്യുമെന്‍ററി വരച്ചുകാട്ടുന്നത്.

അതേസമയം 2009 ൽ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം മൈക്കലിനെ തേടിയെത്തുന്നത്. പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 2009 ജൂൺ 25ന് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. കോടിക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടത്. തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സന്‍റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും സ്വകാര്യ ഡോക്‌ടർ ആയിരുന്ന കോൺറാഡ് മുറേയെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ശിക്ഷിക്കുകയും ചെയ്‌തു.

മൈക്കൽ ജാക്‌സൺ

നിലവിൽ ജാക്‌സൺ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) ഫോബ്‌സ് മാഗസിന്‍റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യക്തിയാണ്. മരണത്തിന് ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്‌സൺ 10 കോടി ഡോളറിന് മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്. 2016 ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായും ജാക്‌സൺ മാറി.

ലോകത്തെ നൃത്തം ചെയ്യിച്ച സംഗീതജ്ഞന് താളം മുറിഞ്ഞത് കണ്ണീരോടെയല്ലാതെ ആരാധകർക്ക് ഇന്നും ഓർക്കാൻ കഴിയില്ല. അവരുടെ ഉള്ളില്‍ മറ്റാർക്കും സാധ്യമാകാത്ത ചലനങ്ങളാല്‍ നൃത്തം ചവിട്ടുന്നുണ്ടാകാം അദ്ദേഹം. ഈണങ്ങളില്‍ ഇതിഹാസമെഴുതിയ അത്ഭുതത്തിന് മരണമില്ലെന്ന് തന്നെ നമുക്കും കരുതാം.

ABOUT THE AUTHOR

...view details