കേരളം

kerala

ETV Bharat / entertainment

'വെറും ഗാനങ്ങളല്ല, ഹൃദയം പിഴിഞ്ഞെടുത്ത മുന്തിരിച്ചാറുകൾ'...ഓർമയിൽ ഈണങ്ങളുടെ രാജകുമാരൻ

മലയാള സിനിമയ്‌ക്ക് ഭാവസാന്ദ്രമായ സംഗീതം പകർന്ന ജോൺസൺ മാസ്റ്റർ ഓർമയായിട്ട് 12 വർഷം.

By

Published : Aug 18, 2023, 11:34 AM IST

Updated : Aug 18, 2023, 12:21 PM IST

12 years in memory of johnson master  memory of johnson master  remembering johnson master  remembering johnson master and his songs  johnson master  johnson master songs  johnson master background music  johnson master songs malayalam cinema  ജോൺസൺ മാസ്റ്റർ  ജോൺസൺ മാസ്റ്റർ  ജോൺസൺ മാസ്റ്റർ സിനിമകൾ  ജോൺസൺ മാസ്റ്റർ ചരമദിനം  ജോൺസൺ മാഷ്  ജോൺസൺ മാസ്റ്റർ മലയാളം സിനിമ  ജോൺസൺ മാസ്റ്റർ കിരീടം  ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതം  ജോൺസൺ മാഷ് സംഗീതം  ജോൺസൺ  പാട്ടുകാരൻ ജോൺസൺ  സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ
ജോൺസൺ മാസ്റ്റർ

'ഉണ്ണിക്കിടാവിന്നു നൽകാൻ.. അമ്മ നെഞ്ചിൽ പാലാഴിയേന്തി

ആയിരം കൈനീട്ടി നിന്നു.. സൂര്യതാപമായ് താതന്‍റെ ശോകം..

വിടചൊല്ലവേ.. നിമിഷങ്ങളിൽ.. ജലരേഖകൾ വീണലിഞ്ഞു..

കനിവേകുമീ.. വെൺമേഘവും.. മഴനീർക്കിനാവായ് മറഞ്ഞൂ..

ദൂരെ.. പുള്ളോർക്കുടം കേണുറങ്ങി....'

ആ സംഗീതത്തിന്‍റെ നോവ്.. ഉറക്കമില്ലാത്ത ചിന്തങ്ങളെ സംഗീതത്തിന്‍റെ പുതപ്പുകൊണ്ട് മൂടിയ ജോൺസൺ മാസ്റ്ററുടെ മാന്ത്രികത. പാട്ടുകളിലെ പ്രണയ തീവ്രത, ഹൃദയത്തെ ദ്രവിപ്പിക്കുന്ന വേദനകൾ, നെഞ്ച് നീറ്റുന്ന വിരഹം, പൊള്ളുന്ന ഓർമ്മകൾക്കുള്ള സാന്ത്വനം.. എല്ലാം അയാളുടെ ഈണങ്ങളിലുണ്ടായിരുന്നു... ജോൺസൺ മാഷ് ഓർമ്മയായിട്ട് 12 വർഷം.

ഭാവവും താളവും കൊണ്ട് ആത്മാവിൽ തൊട്ടറിഞ്ഞുള്ള ഈണങ്ങൾ. സ്വർണമുകിലേ.. സ്വർണമുകിലേ.. സ്വപ്‌നം കാണാറുണ്ടോ..അയാൾ സംഗീതമൊരുക്കി... കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം..പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി..നിശബ്‌ദമായി അദ്ദേഹത്തിന്‍റെ ഈണങ്ങൾ നമ്മെ പ്രണയിക്കാൻ പഠിപ്പിച്ചു.. ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം..ഭൂമിയിലേക്കിറങ്ങിയ ഗന്ധവർനെ അയാൾ വർണിച്ചു..

വീണ എന്ന സംഗീത ഉപകരണം കൊണ്ട് ഒരാളെ ഇത്രമാത്രം ഭയപ്പെടുത്താൻ കഴിയുമോ? കഴിയും.. അത് ജോൺസൺ മാസ്റ്റർ 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിലൂടെ തെളിയിച്ചതാണ്. ആ ഭയത്തിന് ആഴം കൂട്ടാനെന്നോണം പണ്ടത്തെ കെട്ടുകഥകളിലെ 'യക്ഷി' അണിഞ്ഞിരുന്ന ചിലങ്കയുടെ ശബ്‌ദവും..

കണ്ണീർ പൂവിന്‍റെ കവിളിൽ തലോടി.. എന്ന ഗാനം കേട്ട് നമ്മൾ എന്തിനാണ് കരഞ്ഞത്? അതും ആ മായാജാലക്കാരന്‍റെ കഴിവ് തന്നെ.. സേതുമാധവന്‍റെ ആത്മസംഘർഷം കണ്ടിരുന്നവരുടെ ഉള്ളിലേക്ക് പകർത്താൻ അദ്ദേഹത്തിന്‍റെ സംഗീതത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ..

'പാഴിരുൾ വീഴുമീ നാലുകെട്ടിൽ.. നിന്‍റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്..

നോവുകൾ മാറാല മൂടും മനസിന്‍റെ .. മച്ചിലെ ശ്രീദേവിയാക്കി..'

ക്ഷയിച്ച ഇല്ലത്തേക്ക് ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് കൊണ്ടുവരികയാണ്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിനായി ഗിരീഷ് പുത്തഞ്ചേരി അത്രമേൽ ഹൃദ്യമായി വരികളെഴുതി. ആ വരികൾക്ക് ജോൺസൺ മാസ്റ്ററിന്‍റെ ഈണത്തിലൂടെ ജീവൻ നൽകി. സംഗീതപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി മറ്റേതോ ലോകത്തേക്ക് കൊണ്ടുപോകുന്ന മാന്ത്രികത. 'വെറും ഗാനങ്ങളല്ല, ഹൃദയം പിഴിഞ്ഞെടുത്ത മുന്തിരിച്ചാറുകൾ' എന്നാണ് അദ്ദേഹത്തിന്‍റെ ഈണങ്ങളെ കേൾവിക്കാർ വാഴ്‌ത്തിയത്.

തൂവാനത്തുമ്പികൾ.. മഴ.. ക്ലാര.. ജോൺസൺ മാഷ്..ചിലർ വർണിച്ചു. അതെ, ഒരോ മഴത്തുള്ളികൾക്കും അയാൾ നിറങ്ങൾ നൽകുകയായിരുന്നു. ക്ലാരയുടെ തീവ്ര പ്രണയത്തിനും രാധയുടെ നിഷ്‌കളങ്ക അനുരാഗത്തിനും തികച്ചും വേറിട്ട സംഗീതഭാവങ്ങൾ പകർന്നുകൊണ്ട്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ അനശ്വരമായ മ്യൂസിക്കൽ ബീറ്റ്സിലും ദി ജോൺസൺ ടച്ച്. പത്മരാജൻ ചിത്രങ്ങളിൽ മാത്രമല്ല, സ്വന്തം സിനിമയിലെ ഗാനത്തെ കുറിച്ച് കൃത്യമായ കാഴ്‌ചപ്പാടുള്ള ഭരതന്‍റെ സിനിമയിലെയും പതിവുകാരനായി മാറി അദ്ദേഹം. ഏതോ ജന്മകല്‌പനയിൽ.. ഏതോ ജന്മവീഥികളിൽ.. ഭരതന്‍റെ സിനിമയിലെ ഹൃദ്യമായ വരികൾക്ക് നൽകിയ ആർദ്രതയിറ്റ ഈണം മൂളാത്ത മലയാളികളുണ്ടോ..

പാട്ടുകൾക്കൊപ്പം തന്നെ ഒരു സിനിമയിൽ ഏറെ പ്രിയപ്പെട്ടതാണ് പശ്ചാത്തല സംഗീതവും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വന്ദനം സിനിമയിലെ ലാലാ..ലാലാ.. എന്ന ബിജിഎം. ഇന്നും എവർഗ്രീൻ റൊമാന്‍റിക്കായ ബാക്ഗ്രൗണ്ട് മ്യൂസിക്ക്. മലയാളികളുടെ ഏറ്റവും സ്വകാര്യമായ മ്യൂസിക് പ്ലേ ലിസ്റ്റിൽ ഈ ബിജിഎമ്മും ഉണ്ടാകും. തൂവാനത്തുമ്പികൾ, മണിച്ചിത്രത്താഴ്, അമരം, താഴ്‌വാരം, വെങ്കലം, തനിയാവർത്തനം, അരയന്നങ്ങളുടെ വീട്, ഭരതം, സുകൃതം, കമലദളം, ചിത്രം, കാണാക്കിനാവ്, മായാമയൂരം, താളവട്ടം, ആര്യൻ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഴിരണ്ടിലും, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒറ്റയാൾ പട്ടാളം എന്നിവ അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയ ചില ചിത്രങ്ങളാണ്. സുകൃതം എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ അവാർഡ് ലഭിച്ചതും മലയാള സിനിമ ലോകത്തിന് പുതുമയുള്ളതായിരുന്നു. ആവശ്യമില്ലാത്ത യാതൊരു ബഹളങ്ങളും ഉൾപ്പെടുത്താതെ ലാളിത്യമുള്ള പശ്ചാത്തല സംഗീതം..

പ്രണയിക്കാനും വേദനിപ്പിക്കാനും വിരഹത്തിന്‍റെ സുഖവും നോവും ഒരുപോലെ പകർന്നുതരാനും മാത്രമല്ല.. ചിരിപ്പിക്കാനും ജോൺസൺ മാഷിന് കഴിഞ്ഞിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിന് നമ്മെ ചിരിപ്പിച്ചതിൽ ജോൺസൺ മാഷിന്‍റെ പശ്ചാത്തല സംഗീതത്തിനും വലിയൊരു പങ്കുണ്ട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ നാട്ടിടവഴികളിലൂടെ ഓടിയെത്താറുള്ള അദ്ദേഹത്തിന്‍റെ ഈണങ്ങൾ.

എത്ര തീവ്രതയുള്ള സംഗീതമാണ് നിങ്ങൾ നൽകിയത്.. കഥാപാത്രങ്ങളുടെ വികാരങ്ങളെ പ്രേക്ഷകരിലേത്ത് പകർന്നുനൽകുന്ന ആത്മാവുള്ള ഈണങ്ങൾ. കാലയവനികക്കുള്ളിൽ പാട്ടിന്‍റെ രാജഹംസം മറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് മരണമില്ല.. ഓർമകൾക്കെന്ത് സുഗന്ധം...

Last Updated : Aug 18, 2023, 12:21 PM IST

ABOUT THE AUTHOR

...view details