കേരളം

kerala

ETV Bharat / entertainment

ഓര്‍മകളില്‍ ലോഹിതദാസ്, മലയാളികളുടെ പ്രിയ കഥാകാരന്‍ വിടപറഞ്ഞ് പതിമൂന്ന് വര്‍ഷം - ലോഹിതദാസ് സിനിമകള്‍

മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന താരങ്ങളെയെല്ലാം മണ്ണിലേക്ക് ഇറക്കികൊണ്ടുവന്ന് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു ലോഹിതദാസ്

lohithadas  lohithadas 13th death anniversary  director lohithadas  lohithadas movies  lohithadas directorial movies  lohithadas cinema  remembering film maker lohithadas on his 13th death anniversary  ലോഹിതദാസ്  ലോഹിതദാസ് വിടപറഞ്ഞ് പതിമൂന്ന് വര്‍ഷം  ലോഹിതദാസ് ഓര്‍മദിനം  ലോഹിതദാസ് സിനിമകള്‍  ലോഹിതദാസ് ചിത്രം
ഓര്‍മകളില്‍ ലോഹിതദാസ്, മലയാളികളുടെ പ്രിയ കഥാകാരന്‍ വിടപറഞ്ഞ് പതിമൂന്ന് വര്‍ഷം

By

Published : Jun 28, 2022, 1:22 PM IST

കഥയുടെ തമ്പുരാനായി മലയാള സിനിമ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന അനുഗ്രഹീത പ്രതിഭയാണ് ലോഹിതദാസ്. നിസഹായരായ സാധാരണക്കാരുടെയും, പച്ച മനുഷ്യരുടെയും ജീവിതങ്ങള്‍ ശക്തമായ തിരക്കഥയുളള സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. കിരീടത്തിലെ സേതുമാധവനും, തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും, കസ്‌തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്കയുമെല്ലാം ലോഹിതദാസിന്‍റെ രചനയില്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന കഥാപാത്രങ്ങളാണ്.

സ്വതസിദ്ധമായ ശൈലിയിലുളള തിരക്കഥകളിലൂടെ മലയാള സിനിമയില്‍ തന്‍റെതായൊരു ഇടം കണ്ടെത്തിയ തിരക്കഥാകൃത്താണ് അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ലോഹിതദാസ് മലയാളികള്‍ക്ക് സമ്മാനിച്ചു. നാട്യങ്ങളില്ലാതെ കഥാകാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുകയാണ്. സിനിമയെ ജീവവായുവായി കൊണ്ടുനടന്ന പ്രതിഭയായിരുന്നു അദ്ദേഹം.

ലോഹിതദാസിന്‍റെ ജീവിതഗന്ധിയായ രചനകള്‍ മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം ദൃശ്യവത്‌കരിച്ചു. തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും നാല്‍പതിലേറെ സിനിമകളാണ് ലോഹിതദാസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ തന്‍റെ സിനിമകളിലൂടെ വിസ്‌മയിപ്പിച്ച മലയാളികളുടെ പ്രിയ കഥാകാരന്‍ 2009 ജൂണ്‍ 28നാണ് നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്‍റെ വിയോഗം അടുത്ത സുഹൃത്തുക്കള്‍ക്കും മലയാള സിനിമാപ്രേമികള്‍ക്കുമൊന്നും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

ഒറ്റപ്പാലത്തെ അമരാവതി വീട് അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു. പ്രേക്ഷകരെ ചിന്തിപ്പിച്ച, കരയിപ്പിച്ച, തിരിച്ചറിവുകള്‍ നല്‍കിയ നിരവധി സിനിമകള്‍ ഉണ്ടായത് ഈ വീട്ടില്‍ നിന്നാണ്. മലയാളത്തിലെ അറിയപ്പെടുന്ന സിനിമാപ്രവര്‍ത്തകരെല്ലാം തന്നെ ലോഹിയുടെ ഈ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. പത്മരാജനും, ഭരതനും, എംടിയും, ജോണ്‍ പോളും, ടി ദാമോദരനും അരങ്ങുവാണ മലയാള സിനിമയിലേക്ക് ജീവിതഗന്ധിയായ തിരക്കഥകളിലൂടെയാണ് ലോഹിതദാസും നിലയുറപ്പിച്ചത്.

പച്ചയായ കഥ പറച്ചിലുകളും, കഥാസന്ദര്‍ഭങ്ങളും, തന്മയത്ത്വമുളള കഥാപാത്രങ്ങളുമെല്ലാം പിറവികൊണ്ട കഥാകാരനില്‍ നിന്നും താരപരിവേഷമുളള കഥകള്‍ അധികം ഇറങ്ങിയിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന താരങ്ങളെയെല്ലാം മണ്ണിലേക്ക് ഇറക്കികൊണ്ടുവന്ന് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു ലോഹിതദാസ്. തിരക്കഥാരചനയ്‌ക്കും സംവിധാനത്തിനും പുറമെ ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മാതാവ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ലോഹിതദാസ് തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. സംവിധായകനെന്നെ നിലയില്‍ തിളങ്ങിയെങ്കിലും തിരക്കഥാകൃത്തായാണ് അദ്ദേഹം മലയാള സിനിമയില്‍ കൂടുതല്‍ നിറഞ്ഞുനിന്നത്.

1955 മെയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്തുളള മുരിങ്ങൂരില്‍ അമ്പഴത്തുപറമ്പില്‍ വീട്ടില്‍ കരുണാകരന്‍-മായിയമ്മ ദമ്പതികളുടെ മകനായി ജനനം. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി. ചെറുകഥകളിലൂടെ എഴുത്തില്‍ എത്തിയ ലോഹിതദാസ് കെപിഎസി നാടകങ്ങളിലൂടെയാണ് അരങ്ങത്ത് എത്തിയത്. 1986ല്‍ തോപ്പില്‍ ഭാസിയുടെ കേരള പീപ്പിള്‍സ് ആര്‍ട്‌സ്‌ ക്ലബ് എന്ന നാടക വേദിയിലൂടെയാണ് തുടക്കം. സിന്ധു ശാന്തമായൊഴുകുന്നു എന്ന അദ്ദേഹത്തിന്‍റെ ആദ്യ നാടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

നാടകത്തിലൂടെ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനും പ്രിയ കഥാകാരന്‍ അര്‍ഹനായി. അവസാനം വന്ന അതിഥി, സ്വപ്‌നം വിതച്ചവര്‍ എന്നിവയും ലോഹിതദാസിന്‍റെതായി വന്ന നാടകങ്ങളാണ്. നാടകരംഗത്ത് സജീവമായിരുന്ന ലോഹിയെ അഭിനയ പെരുന്തച്ചന്‍ തിലകനാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. സംവിധായകന്‍ സിബി മലയിലിനോട് തിലകന്‍ ലോഹിതദാസിനെ കുറിച്ച് പറയുകയും 1987ല്‍ തനിയാവര്‍ത്തനം എന്ന എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രം പിറവിയെടുക്കുകയും ചെയ്‌തു. തുടര്‍ന്നും ഈ ജനപ്രിയ കൂട്ടുകെട്ടില്‍ വിചാരണ, ദശരഥം, കിരീടം ചെങ്കോല്‍, ധനം, ഭരതം, ഹിസ് ഹൈനസ് അബ്‌ദുളള, മാലയോഗം, കമലദളം, വളയം എന്നീ സിനിമകളും പുറത്തിറങ്ങി.

1997ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസിന്‍റെ സംവിധാനത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, കസ്‌തൂരിമാന്‍, ചക്കരമുത്ത്, നിവേദ്യം എന്നീ സിനിമകളും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങി. ഇതില്‍ മിക്ക സിനിമകളും ഭേദപ്പെട്ട അഭിപ്രായവും കലക്ഷനും തിയേറ്ററുകളില്‍ നേടിയിരുന്നു. 1997ല്‍ ഭൂതക്കണ്ണാടിയിലൂടെ എറ്റവും മികച്ച ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലോഹിതദാസ് നേടി. 1987ല്‍ എറ്റവും നല്ല കഥയ്‌ക്കുളള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടി. കൂടാതെ തനിയാവര്‍ത്തനത്തിന്‍റെ രചനയ്‌ക്ക്‌ ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാരവും ലോഹിതദാസിനെ തേടിയെത്തി. 2007ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

54-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ലോഹിതദാസ് വിടവാങ്ങിയത്. മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാട്യങ്ങളില്ലാത്ത പ്രിയ കഥാകാരന്‍ ഇന്നും മലയാളി മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കഥകളുടെ തമ്പുരാനായ അദ്ദേഹത്തിന്‍റെ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം...

ABOUT THE AUTHOR

...view details