1980 നവംബർ 16, ചെന്നൈ ഷോളവാരത്തെ എയർസ്‌ട്രിപ്പിൽ 'കോളിളക്കം' എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു... അതിനിടെ അപ്രതീക്ഷിതമായുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മലയാളികൾക്ക് ജയനെ നഷ്‌ടമാവുന്നത്... 43 വർഷങ്ങൾക്കിപ്പുറവും ജയനെ ഓർക്കാത്ത മലയാളികളില്ല, അതുകൊണ്ട് തന്നെ ജയൻ മരിക്കുന്നുമില്ല (Remembering Actor Jayan On his 43rd death anniversary).
മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ജയൻ. സിനിമയോളം തന്നെ സാഹസികതയേയും അത്രയേറെ സ്‌നേഹിച്ച അഭിനേതാവ്. പെർഫക്ഷന് വേണ്ടി ആക്ഷൻ സീനുകൾ ഉൾപ്പടെ റീ ടേക്ക് എടുപ്പിക്കുന്ന സ്വഭാവം ജയന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സമകാലികർ പറയാറുണ്ട്. ജയനെ മരണത്തിലേക്ക് തള്ളി വിട്ടതും അദ്ദേഹത്തിലെ ആ 'പെർഫെക്ഷനിസ്റ്റ്' തന്നെയായിരുന്നത്രെ!
'കോളിളക്ക'ത്തിലെ അപകടത്തിന് വഴിയൊരുക്കിയ ആ ഹെലികോപ്റ്റർ രംഗം രണ്ട് പ്രാവശ്യം സംവിധായകന്‍റെ സംതൃപ്‌തിക്ക് എടുത്തിട്ടും ജയൻ തൃപ്‌തനായിരുന്നില്ലെന്നും അതുകൊണ്ട് വീണ്ടും എടുക്കുകയായിരുന്നു എന്നും സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയിൽ ഒട്ടേറെക്കാലം സജീവ സാന്നിധ്യമായി ഉണ്ടാകുമായിരുന്ന ജയൻ എന്നാൽ ഒരു സിനിമാക്കഥ പോലെ കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
41 വയസ് മാത്രമായിരുന്നു അന്ന് ജയന്‍റെ പ്രായം. മലയാളികൾക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ആ വേർപാട്. ജയന്‍റെ മരണ ദിവസം കേരളത്തിലെ പല വീടുകളിലും മരണ വീടിന്‍റെ പ്രതീതിയോടെ മൂകത തളം കെട്ടിക്കിടന്നു, ദിവസങ്ങളോളം. സിനിമാലോകത്ത് ജയൻ ബാക്കിയാക്കി പോയ ആ ശൂന്യത മറ്റാർക്കും നികത്താനാകില്ലെന്ന് ആരാധകർ ആണിയിട്ടുറപ്പിച്ചു. അതെ, ആ ശൂന്യത ഇന്നും തുടരുന്നുണ്ടെന്നതാണ് യാഥാർഥ്യം.
43 വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ ഓർമകളിൽ മങ്ങാതെ ജയന്‍റെ ചിത്രമുണ്ട്. കുട്ടികൾ പോലും ജയന്‍റെ ഐക്കോണിക് പോസ്റ്ററുകളും സംസാരരീതികളും അനുകരിക്കുന്നു. മിമിക്രിയിൽ പലപ്പോഴും ജയന്‍റെ അനുകരണം വികലമായിപ്പോവാറുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. എന്നാലും 2023ലും മിമിക്രി വേദികളിലും മറ്റും ജയന് കിട്ടുന്ന കയ്യടി അദ്ദേഹത്തിന് ഇന്നും ജനഹൃദയയങ്ങളിലുള്ള സ്വീകാര്യതയാണെന്ന് പറയാതെ വയ്യ.