തെലുഗു സൂപ്പർ സ്റ്റാർ രവി തേജയുടെ (Ravi Teja) ആദ്യ പാൻ ഇന്ത്യൻ ചിത്രമായി 'ടൈഗര്‍ നാഗേശ്വര റാവു' വരുന്നു. വംശി പൈഡിപ്പള്ളി (Vamshi Paidipally) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ചിത്രത്തില്‍ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രവി തേജയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് ടീസർ. ‘കടുവയുടെ ആക്രമണം’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്.
1970കൾ പശ്ചാത്തലമാകുന്ന ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'. ആന്ധ്രാപ്രദേശിലെ സ്റ്റുവർട്ട്‌പുരം സ്വദേശിയായ കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. നിയമപാലകരുടെ പിടിയിൽ നിന്നും എല്ലായ്‌പ്പോഴും തന്ത്രപൂർവം രക്ഷപ്പെടുന്ന ടൈഗർ നാഗേശ്വര റാവുവിന്‍റെ ആകർഷകവും കൗതുകവും നിറഞ്ഞ കഥയാണ് ഈ ചിത്രം വെള്ളിത്തിരയിലേക്ക് പകർത്തുന്നത്.
'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ വിവരണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുപം ഖേറിനെയും മുരളി ശർമ്മയെയും ഈ ടീസറില്‍ കാണാനാകും. ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഓഫിസറായി അനുപം ഖേർ എത്തുമ്പോൾ പൊലീസ് വേഷത്തിലാണ് മുരളി ശർമ്മ എത്തുന്നത്.
ടൈഗർ നാഗേശ്വര റാവു രാഷ്‌ട്രീയത്തിലോ കായിക രംഗത്തോ പട്ടാളത്തിലോ പ്രവേശിച്ചിരുന്നെങ്കിൽ വിജയി ആകുമായിരുന്നുവെന്നും എന്നാല്‍ നിർഭാഗ്യവശാൽ അയാൾ ഒരു കുറ്റവാളി ആയിപ്പോയെന്നും മുരളി ശർമ്മയുടെ കഥാപാത്രം പറയുന്നത് കാണാം. 'ടൈഗര്‍ നാഗേശ്വര റാവു' ആരാണെന്നും എന്താണെന്നും കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട് ടീസർ. വളരെ വ്യത്യസ്‌തമായ ലുക്കിലാണ് രവി തേജ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.