ഹൈദരാബാദ്:തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചത് വാർത്തയായിരുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച നടിയുടെ മോർഫ് ചെയ്‌ത വീഡിയോയാണ് ഇന്‍റർനെറ്റിൽ വൈറലായത്. സംഭവം വിവാദമായതോടെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രശ്‌മി തന്നെ എത്തിയിരിക്കുകയാണ്.
രശ്‌മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വീഡിയോയാണ് വിവാദമായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഡീപ്ഫേക്ക് ആണെന്ന് കണ്ടെത്തിയതോടെ പ്രമുഖ അഭിനേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ജേണലിസ്റ്റുകൾ അടക്കമുള്ളവരിൽ നിന്ന് നടപടിയെടുക്കാനുള്ള ആഹ്വാനവുമുണ്ടായി.
ദശലക്ഷക്കണക്കിന് വ്യൂസ് നേടിയ ഡീപ്ഫേക്ക് വീഡിയോയോടുള്ള രശ്‌മികയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. 'ഇത് പങ്കിടുന്നതിലും ഓൺലൈനിൽ പ്രചരിക്കുന്ന എന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിലും എനിക്ക് അതിയായ വേദന തോന്നുന്നു.
സത്യസന്ധമായി പറയുകയാണെങ്കിൽ ഇതുപോലൊരു കാര്യം അങ്ങേയറ്റം ഭയാനകമാണ്. എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ ഇന്ന് വളരെയധികം പ്രശ്‌നങ്ങൾക്ക് ഇരയാകുന്ന നമ്മളിൽ ഓരോരുത്തർക്കും ഈ സംഭവം ഭയം ഉളവാക്കുന്നതാണ്'- നവംബർ അഞ്ച് തിങ്കളാഴ്‌ച രശ്‌മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
'ഇന്ന്, ഒരു സ്‌ത്രീയെന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും, എനിക്ക് സംരക്ഷണവും പിന്തുണയും നൽകുന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ ഞാൻ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്നത് സങ്കൽപ്പിക്കാനാകുന്നില്ല. നമ്മളിൽ കൂടുതൽ പേരെ ഇത്തരം ഐഡന്‍റിറ്റി മോഷണത്തിന് ഇരകളാകുന്നതിന് മുമ്പ് അടിയന്തരമായും ഈ വിഷയം അഭിസംബോധന ചെയ്യേണ്ടതുണ്ട്'- അവർ കൂട്ടിച്ചേർത്തു.
രശ്‌മിക മന്ദാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാർ വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നടി രശ്‌മിക മന്ദാനയുടെ വൈറലായ വീഡിയോ ഡീപ് ഫേക്കാണെന്ന് കുറിച്ച അദ്ദേഹം ഇന്ത്യയിൽ ഡീപ് ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തരമായി ആവശ്യമാണെന്നും വ്യക്തമാക്കി. സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളെ എളുപ്പത്തിൽ വീഴ്‌ത്താൻ പര്യാപ്‌തമാണ് ഇത്തരം വൈറൽ വീഡിയോ എന്നും ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ, യുവതിയുടെ മുഖം പെട്ടെന്ന് രശ്‌മികയിലേക്ക് (ഡീപ്പ്ഫേക്ക്) മാറുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
സാറ പട്ടേൽ എന്ന യുവതിയുടെ മുഖമാണ് വീഡിയോയിൽ ആദ്യം തെളിയുന്നത്. പിന്നീട് ഇത് രശ്‌മികയുടെതായി മാറുകയാണ്. യഥാർഥ വീഡിയോയിലെ സാറ പട്ടേലിന്‍റെ മുഖം എഐ (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്‌മികയുടെതായി മാറ്റുകയായിരുന്നു. ഇത്തരം തെറ്റായ ആവശ്യങ്ങൾക്ക് എഐ സാങ്കേതികത ഉപയോഗിക്കുന്നതിലെ ആപത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
READ ALSO:രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറൽ; നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ