ബോളിവുഡ് സിനിമാലോകത്ത് താരമൂല്യത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. 2010ല്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബാജാ ബാരാത് എന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ തുടക്കം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത ചരിത്ര സിനിമകളില്‍ അഭിനയിച്ചാണ് രണ്‍വീര്‍ സൂപ്പര്‍താര പദവിയില്‍ എത്തിയത്.
ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗോലിയോംകീ രാംലീല ഓര്‍ രാസ് ലീല, ബജ്‌റാവോ മസ്‌താനി, പദ്‌മാവത് എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ വിജയം നേടി. ബന്‍സാലി ചിത്രങ്ങള്‍ക്ക് പുറമെ ഗല്ലി ബോയ്, സിമ്പ, 83 ഉള്‍പ്പടെയുളള നടന്‍റെ സിനിമകളും തിയേറ്ററുകളില്‍ തരംഗമായി.
ഇന്ന് ഒരു സിനിമയ്‌ക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന താരമാണ് രണ്‍വീര്‍ സിങ്. ഹിന്ദി സിനിമ ലോകത്തെ സംവിധായകരെല്ലാം നടന്‍റെ ഡേറ്റിനായി കാത്തിരിക്കുന്നു. അതേസമയം തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ഇന്ന് ഉളളത്ര അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് നടന്‍.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് സൂപ്പര്‍താരം മനസുതുറന്നത്. 'ബാന്‍ഡ് ബാജാ ബാരത് എന്ന തന്‍റെ അരങ്ങേറ്റ ചിത്രം കരിയര്‍ മാറ്റിമറിച്ചുവെന്നും രണ്‍വീര്‍ പറയുന്നു. ഒന്നുമില്ലായ്‌മയില്‍ നിന്നുമാണ് തുടക്കമെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ അതിനെ എല്ലാം അതിജീവിച്ച് മുന്നോട്ടുപോയി.
കരിയറിന്‍റെ തുടക്കത്തില്‍ നേരിട്ട, തിരസ്‌കരിക്കപ്പെട്ട അനുഭവങ്ങളെ കുറിച്ചും രണ്‍വീര്‍ മനസുതുറന്നു. 'എനിക്ക് അതിനെ കുറിച്ചെല്ലാം വ്യക്‌തമായ ഓര്‍മയുണ്ട്. അന്നത്തെ ആ ആണ്‍കുട്ടിയോട് എനിക്ക് ഒരുപാട് ഇഷ്‌ടവും വാത്സല്യവുണ്ട്. എന്‍റെ എറ്റവും പ്രിയങ്കരമായ ഓര്‍മകളില്‍ ചിലത് അവയാണ്.
അത് എന്‍റെ വളരെ പ്രിയപ്പെട്ട ഒരു പതിപ്പാണ്. അവന്‍ വളരെ സുന്ദരനായിരുന്നു. ഒന്നിനെ കുറിച്ചും അറിയില്ല. അവന്‍റെ കണ്ണുകളിൽ നക്ഷത്രങ്ങൾ മാത്രം. വളരെ ആത്‌മാർഥതയുള്ള ഒരുവന്‍. ഞാൻ ആ പഴയകാലം ഓര്‍ക്കുമ്പോള്‍ അഭിനയ ക്ലാസില്‍വച്ചുളള ചെറിയ വ്യായാമം, കാസ്‌റ്റിംഗ് കോളുകള്‍ പിന്തുടരുന്ന ശീലം, ഏതെങ്കിലും നിർമാതാക്കളെ ഫോണില്‍ ബന്ധപ്പെടുന്ന പതിവ് അങ്ങനെ എല്ലാം ഉണ്ടായിരുന്നു.
ഓരോ കാര്യത്തിലും വലിയ ആത്‌മാർഥതയായിരുന്നു അവന്. ഇന്ന് ഞാന്‍ അഭിമാനിക്കുന്ന എന്‍റെ ഒരു പതിപ്പാണ് അന്നത്തേത്. കാഴ്‌ചയിലും കൈയിലും ഒന്നുമില്ലാത്തവന്‍ ആയിരുന്നെങ്കിലും സ്വയം കണ്ടെത്തുക, വിശ്വസിച്ചുകൊണ്ടേയിരിക്കുക, സമ്മര്‍ദം ചെലുത്തുക എന്നീ കാര്യങ്ങളെല്ലാം ഒന്നും നടക്കാതിരുന്ന സമയത്തുപോലും ഞാന്‍ പിന്തുടര്‍ന്നു.
ഇന്നത്തെ പോലെയായിരുന്നില്ല അന്നത്തെ സാഹചര്യങ്ങള്‍. നിങ്ങള്‍ക്ക് ഇന്ന് ഒടിടിയും മറ്റ് അവസരങ്ങളുമുണ്ട്. കൂടാതെ മറ്റ് തൊഴിലവസരങ്ങളുമുണ്ട്. അഭിനയിക്കാനുളള ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് വലിയ അവസരങ്ങളാണുളളത്. എന്നാല്‍ 2007,08,09 കാലത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ - രണ്‍വീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ജയേഷി ജോര്‍ദ്ദാര്‍ എന്ന ചിത്രമാണ് രണ്‍വീറിന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. സിനിമ തിയേറ്ററുകളില്‍ പരാജയപ്പെട്ടു, കരണ്‍ ജോഹര്‍ ഒരുക്കുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' ആണ് നടന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. കരണ്‍ ജോഹര്‍ ചിത്രത്തിന് പുറമെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സര്‍ക്കസ് എന്ന ചിത്രത്തിലും രണ്‍വീര്‍ നായകവേഷത്തില്‍ എത്തുന്നു.