മുംബൈ :നഗ്ന ഫോട്ടോഷൂട്ടില്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ്ങിനെതിരെ ഒരു പരാതി കൂടി. മുംബൈ സ്വദേശിയായ അഭിഭാഷകനാണ് പുതുതായി പരാതി നല്‍കിയത്. ഫോട്ടോഷൂട്ട് സ്‌ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് മുംബൈ കേന്ദ്രീകരിച്ചുള്ള എന്‍ജിഒ ഭാരവാഹി നേരത്തേ പരാതി നല്‍കിയിരുന്നു.
ഐടി ആക്‌ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുളള കുറ്റങ്ങള്‍ ചുമത്തി രണ്‍വീറിനെതിരെ കേസ് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ച രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ നടന്‍റെ ചിത്രങ്ങള്‍ അതിരുകടന്നെന്ന് കാണിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
ഒരു ഓണ്‍ലൈന്‍ മാഗസിനായി ജൂലൈ 21ന് രണ്‍വീര്‍ സിങ് എടുത്ത ചിത്രങ്ങളാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ചിത്രങ്ങളില്‍ രണ്‍വീര്‍ പൂര്‍ണമായും വസ്‌ത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ ഒരു ചിത്രം ബേര്‍ട്ട് റൈനോള്‍സിന്‍റെ വിഖ്യാതമായ ഫോട്ടോഗ്രാഫിന്‍റെ പുനരാവിഷ്‌കാരമാണ്. എന്നാല്‍ ചിത്രങ്ങളെ മോശമായി കണ്ടവര്‍ക്ക് എതിരെ രണ്‍വീര്‍ ഡയറ്റ്‌സഭ്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ രോഷം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, രണ്‍വീര്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് എന്ന നെറ്റ്‌ഫ്‌ളിക്‌സ് പ്രത്യേക സംവാദ പരിപാടിക്ക് ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സര്‍ക്കസ്, കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയാണ് നടന്‍റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. പൂജ ഹെഗ്‌ഡെ നായികയായ സര്‍ക്കസ് ഈ വര്‍ഷം ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തും.
രണ്‍വീറിനൊപ്പം ആലിയ ഭട്ട്, ധര്‍മേന്ദ്ര, ഷബാന ആസ്‌മി, ജയ ബച്ചന്‍ എന്നിവരാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 11 ന് സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.