ബോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷൻ സീരീസാണ് 'ഡോൺ' (Don). കഴിഞ്ഞ ദിവസമാണ് 'ഡോൺ' സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം വരികയാണെന്ന വമ്പൻ പ്രഖ്യാപനം ഫർഹാൻ അക്തർ (Farhan Akhtar) നടത്തിയത്. ആരാധകർ ഏറെ ആവേശത്തോടെയാണ് സംവിധായകനും അഭിനേതാവുമായ ഫർഹാൻ അക്തറിന്‍റെ വാക്കുകൾക്ക് ചെവിയോർത്തത്.
'ഡോണി'ന്‍റെ മുഖമായിരുന്ന ഷാരൂഖ് ഖാൻ 'ഡോൺ' മൂന്നാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നും ഫർഹാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ 'ഡോൺ' ശക്തമായ തിരിച്ചുവരവ് നടത്തുമ്പോൾ ആരാകും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് ഫർഹാൻ വ്യക്തമാക്കിയിരുന്നില്ല. അതേസമയം രൺവീർ സിങ് (Ranveer Singh) ആകും പുതിയ ഡോൺ എന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ 'ഡോൺ' ആരെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് എക്‌സൽ മൂവീസ്. ഇതോടെ ആരാധകരുടെ ഊഹം യാഥാർഥ്യവുമായി. ബോളിവുഡിലെ യുവ താരനിരയിൽ ശ്രദ്ധേയനായ രൺവീർ സിങ് തന്നെയാണ് 'ഡോൺ 3'യില്‍ (Don 3) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.
'മേം ഹൂം ഡോണ്‍' എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിങ് പ്രഖ്യാപന വീഡിയോയില്‍ ഡോണായി പ്രത്യക്ഷപ്പെടുന്നത്. 'ഒരു പുതിയ യുഗത്തിന്‍റെ പിറവി' എന്നർഥം വരുന്ന 'ന്യൂ ഇറ ബിഗിന്‍സ്' എന്നാണ് ഈ ചിത്രത്തിന്‍റെ ക്യാപ്‌ഷന്‍. ഏതായാലും കെട്ടിലും മട്ടിലും വൈവിധ്യവുമായാകും ഫർഹാന്‍റെ പുതിയ 'ഡോൺ' എത്തുക എന്ന് വ്യക്തം.
ബോളിവുഡില്‍ ഇന്നും വലിയ ഫാൻ ബേസാണ് 'ഡോൺ' സിനിമകൾക്കുള്ളത്. ഇപ്പോൾ മൂന്നാം അങ്കത്തിന് 'ഡോൺ' വീണ്ടും എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഫർഹാൻ അക്തറിന്‍റെ സംവിധാനത്തില്‍ 2006ൽ ആണ് ഈ സീരീസിലെ ആദ്യ ചിത്രം ‘ഡോൺ’ പുറത്തിറങ്ങുന്നത്.
അമിതാഭ് ബച്ചൻ നായകനായി 1978 ൽ എത്തിയ ‘ഡോൺ’ എന്ന സിനിമയെ ആസ്‌പദമാക്കി ഉള്ളതായിരുന്നു കിങ് ഖാൻ ടൈറ്റിൽ വേഷത്തിലത്തിയ ഈ ചിത്രം. ജാവേദ് അക്തറും സലിം ഖാനും ചേർന്നൊരുക്കിയ അമിതാഭ് ബച്ചൻ ചിത്രത്തിന്‍റെ അവകാശം പിന്നീട് അക്തറിന്‍റെയും റിതേഷ് സിദ്ധ്വാനിയുടെയും ബാനറായ എക്‌സൽ എന്‍റർടെയ്‌ൻമെന്‍റ് വാങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് പുതിയ ഫ്രാഞ്ചൈസിക്ക് ഫർഹാൻ തുടക്കമിട്ടത്.
ബോക്‌സോഫിസ് റെക്കോഡുകളെ ഭേദിക്കുന്ന പ്രകടനമാണ് ഷാരൂഖിന്‍റെ 'ഡോൺ' തിയേറ്ററുകളില്‍ നടത്തിയത്. 2011ലാണ് 'ഡോൺ 2' എന്ന പേരിൽ ഇതിന്‍റെ തുടർ ഭാഗം എത്തിയത്. ഈ ചിത്രവും വൻ വിജയമായിരുന്നു.
അതേസമയം അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും നൽകിയ സ്‌നേഹം പുതിയ ഡോണിനും നൽകണമെന്ന് ഫർഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ 'ഡോണി'നെ കുറിച്ചുള്ള റിതേഷ് സിദ്ധ്വാനിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 'ഡോൺ' തിരിച്ചുവരവിനെ കുറിച്ച് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോൾ 'സ്‌ക്രിപ്റ്റിങ്' ഘട്ടത്തിലാണ് എന്നായിരുന്നു സിദ്ധ്വാനിയുടെ മറുപടി. അക്തർ ഇത് എഴുതി പൂർത്തിയാക്കുന്നത് വരെ തങ്ങൾ ഒന്നും ചെയ്യില്ലെന്നും ഡോണിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സിദ്ധ്വാനി പറഞ്ഞിരുന്നു.
READ ALSO:Don 3| 'ഒരു പുതിയ യുഗം ആരംഭിക്കുന്നു'; 'ഡോൺ 3' പ്രഖ്യാപിച്ച് ഫർഹാൻ അക്തർ, ഷാരൂഖ് ഇല്ല പകരം രൺവീർ?