ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ ഒരുക്കുന്ന ചിത്രമാണ് 'റാണി'. ചിത്രത്തിന്‍റെ റിലീസിനായി ഏറെ ആവേശപൂർവമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നാളെയാണ് (സെപ്റ്റംബർ 15) 'റാണി'യുടെ റിലീസ് തീയതി പുറത്തുവരിക (Rani Release Date).
മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ സിനിമയുടെ റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടും (Mohanlal Will Release Rani Release Date). നാളെ വൈകീട്ട് 5.30നാകും പ്രഖ്യാപനം. ഒപ്പം ചിത്രത്തിന്‍റെ പുതിയ ട്രെയിലറും പ്രേക്ഷകരിലേക്കെത്തും.
മമ്മൂട്ടി നായകനായ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്‌ണൻ ഒരുക്കുന്ന ചിത്രമാണ് 'റാണി'. ഭാവനയ്‌ക്ക് പുറമെ ഹണി റോസ്, ഉർവശി, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം എന്നിങ്ങനെ വമ്പൻ താരനിരയാണ് 'റാണി സിനിമയിൽ അണിനിരക്കുന്നത്. കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്ന ചിത്രം ഉദ്വേഗജനകമായ രംഗങ്ങളുടെ പിൻബലത്തോടെയാണ് പ്രേക്ഷകർക്ക് ദൃശ്യ വിരുന്നൊരുക്കാൻ എത്തുന്നത്.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. 1.49 മിനിട്ട് ദൈര്‍ഘ്യമുള്ള 'റാണി'യുടെ ട്രെയിലര്‍ നടൻ പൃഥ്വിരാജ് സുകുമാരന്‍ ആണ് 'പുറത്തുവിട്ടത് (Prithviraj Sukumaran unveils Rani trailer). ഇന്ദ്രന്‍സും (Indrans) ഗുരു സോമസുന്ദരവും (Guru Somasundaram) പ്രധാന ആകർഷണമാകുന്ന ട്രെയിലറില്‍ ഭാവന, ഉര്‍വശി, ഹണി റോസ്, അനുമോള്‍, മാല പാര്‍വതി എന്നിവരെയും കാണാം. 'റാണി' മികച്ച ത്രില്ലര്‍ അനുഭവം സമ്മാനിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു ട്രെയിലര്‍.