ഹൈദരാബാദ്:അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് അനിമൽ. ആക്ഷൻ പാക്ക് ത്രില്ലറിന്‍റെ ടീസർ ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. രൺബീർ കപൂർ, ബോബി ഡിയോൾ, അനിൽ കപൂർ, രശ്‌മിക മന്ദാന എന്നിവർ ഉൾപ്പെടുന്ന പോസ്റ്ററുകളും നിർമാതാക്കൾ പുറത്തുവിട്ടു. രൺബീറും രശ്‌മികയും തമ്മിലുള്ള ചുംബനരംഗം കാണിക്കുന്ന പുതിയ പോസ്റ്ററും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പുതിയ പോസ്റ്ററിനൊപ്പം ചിത്രത്തിലെ ഹുവാ മെയ്ൻ എന്ന ഗാനത്തിന്‍റെ റിലീസ് തീയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു (Animal movie song release date).
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിലെ ആദ്യ ഗാന റിലീസിനെക്കുറിച്ച് രശ്‌മിക സൂചന നൽകിയിരുന്നു. അതേസമയം നിർമാതാക്കൾ ചൊവ്വാഴ്‌ച പുതിയ പോസ്റ്റർ പങ്കിടുകയും ഹിന്ദിയിൽ ഹുവാ മെയ്ൻ, തെലുഗുവിൽ അമ്മായി, തമിഴിൽ നീ വാടി, മലയാളത്തിൽ പെണ്ണാളെ, കന്നഡയിൽ ഓ ഭാലേ എന്നിങ്ങനെയുള്ള ഗാനം നാളെ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തി.
രൺബീറും രശ്‌മികയും ഹെഡ്‌സെറ്റ് ധരിച്ച് ഹെലികോപ്റ്ററിനുള്ളിൽ പ്രണയാര്‍ദ്ര നിമിഷത്തിലുള്ളതാണ് പോസ്റ്റർ. ഒക്‌ടോബർ 11 ന് പുറത്തിറങ്ങുന്ന ഗാനത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനിമലിൽ രൺബീറിന്‍റെ പിതാവായ ബൽബീർ സിങ് എന്ന കഥാപാത്രത്തെ അനിൽ കപൂർ അവതരിപ്പിക്കുന്നു.
രൺബീറിന്‍റെ പ്രണയിനിയായ ഗീതാഞ്ജലിയെ രശ്‌മിക അവതരിപ്പിക്കുന്നു, ബോബി ഡിയോൾ പ്രതിനായകന്‍റെ വേഷത്തില്‍ എത്തുന്നു. ഭൂഷൺ കുമാറിന്‍റെയും കൃഷൻ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. ഈ വർഷം ഡിസംബർ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്.