ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. 2022 ഏപ്രിലില്‍ വിവാഹിതരായ ആലിയയും രണ്‍ബീറും 2022 നവംബറിലാണ് തങ്ങളുടെ മകള്‍ റാഹയെ വരവേറ്റത്. താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളിലും, തങ്ങളുടെ മകള്‍ റാഹ വിഷയമാകാറുണ്ട്.
റാഹയെ കുറിച്ചുള്ള ചോദ്യങ്ങളും രണ്‍ബീറും ആലിയയും പല വേദികളിലും നേരിടാറുണ്ട്. റാഹയുടെ ജനനം മുതല്‍ പുതിയ മാതാപിതാക്കള്‍ ആയുള്ള ജീവിതത്തെ കുറിച്ചും രണ്‍ബീറും ആലിയയും എല്ലായിപ്പോഴും വാചാലമാകാറുണ്ട്.
അടുത്തിടെ രണ്‍ബീര്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ ആലിയയെ, ഒരു അമ്മയായും ഭാര്യയായും വിലയിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ റോളിലും അമ്മയുടെ റോളിലും ആലിയ അതിശയിപ്പിക്കുന്നവള്‍ ആണെന്നാണ് രണ്‍ബീര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഭാര്യയേക്കാള്‍ ആലിയ മികച്ച ഒരു അമ്മയാണെന്നും രണ്‍ബീര്‍ വ്യക്തമാക്കി.
താര ദമ്പതികള്‍ തങ്ങളുടെ മാതൃത്വത്തിന്‍റെ ആദ്യഘട്ടം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പിതാവെന്ന നിലയിലുള്ള തന്‍റെ യാത്രയെ കുറിച്ചും രൺബീർ പറഞ്ഞു. രൺബീർ ഇതിനോടകം തന്നെ റാഹയുടെ 'ബർപ്പിങ് സ്പെഷ്യലിസ്‌റ്റായി' മാറിയിരിക്കുകയാണ്. ഭക്ഷണം കഴിച്ച ശേഷം മകളെ ഏമ്പക്കം വിടുവിക്കുന്ന അഥവാ ദഹിപ്പിക്കുന്ന (ബർപ്പിങ്) സാങ്കേതികയില്‍ താന്‍ വൈദഗ്‌ദ്ധ്യം നേടിയെന്നും രണ്‍ബീര്‍ പറഞ്ഞു.
സംവിധായകൻ ലൗവ് രഞ്ജനൊപ്പമുള്ള 'തു ജൂട്ടി മേം മക്കാര്‍' സിനിമയുടെ പ്രൊമോഷനിടെയായിരുന്നു രണ്‍ബീറിന്‍റെ ഈ വെളിപ്പെടുത്തല്‍. പരിപാടിക്കിടെ തന്‍റെ മകളുടെ ഡയപ്പര്‍ മാറ്റാറുണ്ടോ എന്ന ചോദ്യവും രണ്‍ബീര്‍ നേരിട്ടു. തനിക്ക് എളുപ്പത്തില്‍ ഡയപ്പറുകള്‍ മാറ്റാന്‍ കഴിയുമെങ്കിലും, അവള്‍ ഭക്ഷണം കഴിച്ച ശേഷം അത് ദഹിപ്പിക്കുന്നതിലാണ് താന്‍ പ്രാവീണ്യം നേടിയതെന്നായിരുന്നു രണ്‍ബീറിന്‍റെ മറുപടി.
'പലര്‍ക്കും ഇത് അറിയില്ലായിരിക്കാം. പ്രത്യേകിച്ച് കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളില്‍ ഈ ദഹനവും ഏമ്പക്കവും വളരെ പ്രധാന കാര്യമാണ്. ഓരോ തവണ ഭക്ഷണം നല്‍കുമ്പോഴും കുറഞ്ഞത് രണ്ട് തവണയെങ്കിലും കുഞ്ഞ് ഏമ്പക്കം വിടണം. അതിനൊരു വിദ്യയുണ്ട്. ആ വിദ്യയില്‍ ഞാന്‍ ശരിക്കും ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്.'-രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
അതേസമയം റാഹയ്‌ക്ക് ആലിയയുടെ വ്യക്തിത്വം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രണ്‍ബീര്‍ കപൂര്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. കാരണം ഒരേ വ്യക്തിത്വമുള്ള രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ കൈകാര്യം ചെയ്യുക എന്നത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രണ്‍ബീര്‍ വ്യക്തമാക്കി. റാഹയുടെ വ്യക്തിത്വം തന്നെ പോലെയാകണമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രണ്‍ബീര്‍ പറഞ്ഞു.
പല വേദികളിലും ആലിയയോടും മകള്‍ റാഹയോടുമുള്ള സ്‌നേഹം രണ്‍ബീര്‍ പ്രകടമാക്കിയിട്ടുണ്ട്. വാലന്‍റൈന്‍സ് ദിനത്തില്‍ മനോഹരമായൊരു പ്രണയ സന്ദേശമാണ് മകള്‍ക്കും ഭാര്യയ്‌ക്കും രണ്‍ബീര്‍ സമ്മാനിച്ചത്. 'എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍. ഈ പ്രണയ ദിനത്തില്‍ എന്‍റെ രണ്ട് പ്രണയങ്ങള്‍ക്കും, എന്‍റെ ഭാര്യ ആലിയയ്‌ക്കും എന്‍റെ സുന്ദരിയായ മകള്‍ രാഹയ്‌ക്കും സന്തോഷകരമായ പ്രണയദിനം ആശംസിക്കുന്നു. നിങ്ങളെ രണ്ടു പേരെയും ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങളെ രണ്ട് പേരെയും ഞാന്‍ മിസ് ചെയ്യുന്നു'-ഇപ്രകാരമായിരുന്നു പ്രണയ ദിനത്തിലെ രണ്‍ബീറിന്‍റെ സ്‌നേഹ സന്ദേശം.
Also Read:'ഞാന്‍ എന്‍റെ രണ്ട് പ്രണയങ്ങളെയും സ്‌നേഹിക്കുന്നു'; ആലിയക്കും മകള്‍ക്കും രണ്‍ബീറിന്‍റെ സ്‌നേഹ സന്ദേശം