മുംബൈ :ബോളിവുഡിൽ ഏറ്റവുമധികം ചർച്ചയായ താര വിവാഹത്തിന് പിന്നാലെ രണ്‍ബീർ- ആലിയ ദമ്പതികൾ ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങി. ഏപ്രിൽ 14ന് നടന്ന വിവാഹത്തിന് നാല് ദിവസങ്ങൾക്കുള്ളിലാണ് ഇരുവരും ഷൂട്ടിങ്ങ് ചർച്ചകൾ പുനരാരംഭിച്ചത്. ഇന്ന് മുംബൈയിലെ ടി- സീരീസ് ഓഫീസിൽ എത്തിയ രണ്‍ബീറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കല്യാണത്തിന് ശേഷം ഇന്നാണ് രണ്‍ബീർ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടുന്നത്. ഷൂട്ടിങ് തിരക്കുകളിലായതിനാൽ ഇരുവരും വിവാഹത്തിനായി ഇടവേള എടുത്തിരുന്നില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പോലും 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്‍റെ ഗാന ചിത്രീകരണത്തിൽ ആലിയ പങ്കെടുത്തിരുന്നു.
നിലവിൽ സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ, ലവ് രഞ്ജന്‍റെ പുതിയ ചിത്രം, ഷംഷേര, ആലിയയുമായി ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് രണ്‍ബീർ. റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ആലിയയുടേതായി നിലവിൽ ഷൂട്ടിങ് നടക്കുന്ന ചിത്രം. ഇത് കൂടാതെ ഒന്നിലധികം ചിത്രങ്ങളും ആലിയയുടേതായി പണിപ്പുരയിലുണ്ട്.