Kesariya video song: കാത്തിരിപ്പിന് വിരാമമിട്ട് ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'കേസരിയ' എന്ന വീഡിയോ ഗാനമാണ് ഇറങ്ങിയത്. കരണ്‍ ജോഹര്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
'ഞങ്ങളുടെ സ്‌നേഹം ഇനി നിങ്ങളിലേക്ക്', എന്ന അടിക്കുറിപ്പോടു കൂടിയാണ് മനോഹരമായ ഈ പ്രണയ ഗാനം കരണ്‍ ജോഹര്‍ പങ്കുവച്ചിരിക്കുന്നത്. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ 'കേസരിയ' ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതത്തിന്‍റെ സംഗീതത്തില്‍ അര്‍ജിത് സിങ് ആണ് ഗാനാലാപനം.
ഒരേ സമയം അഞ്ച് ഭാഷകളിലാണ് കേസരിയ ഗാനം പുറത്തിറങ്ങിയത്. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗാനം വന്നിരിക്കുന്നു. ജീവിത യാത്രയില്‍ ഒന്നിച്ച രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മനോഹര പ്രണയ ഗാനമാണിത്. ഇരുവരും ആദ്യമായി ഒന്നിച്ച് എത്തിയ സിനിമ കൂടിയാണ് 'ബ്രഹ്മാസ്‌ത്ര'.
ഇന്ത്യന്‍ പുരാണങ്ങളിലെ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളും കഥകളും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ ദൃശ്യവിരുന്നാണ് 'ബ്രഹ്മാസ്‌ത്ര'. മൂന്ന് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. 'ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ' എന്നാണ് ആദ്യ ഭാഗത്തിന്‍റെ പേര്. സ്‌നേഹം, പ്രതീക്ഷ, ഫാന്‍റസി, സാഹസികത, തിന്മ എന്നിവ ഒത്തുചേരുന്ന ഒരു മഹാകാവ്യമാണ് 'ബ്രഹ്മാസ്‌ത്ര' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നു. ചിരഞ്‌ജീവിയാണ് 'ബ്രഹ്മാസ്‌ത്ര'യുടെ തെലുങ്ക് ട്രെയ്‌ലറിന് ശബ്‌ദം നല്‍കിയിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്‌റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്‌റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
2022 സെപ്‌റ്റംബര്‍ ഒമ്പതിന് 'ബ്രഹ്മാസ്‌ത്ര'യുടെ ആദ്യ ഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ് സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Also Read: 'സിനിമ തിരഞ്ഞെടുപ്പില്‍ പശ്ചാത്താപമോ ലജ്ജയോ ഇല്ല, മക്കളില്‍ നിന്ന് അഭിപ്രായങ്ങളറിയുക സന്തോഷകരം' ; ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന റണ്‍ബീര്‍ പറയുന്നു