കൊച്ചി: ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനം കവർന്ന താരമാണ് രമ്യ നമ്പീശൻ. അഭിനയ മികവുകൊണ്ട് മലയാളത്തിലും തമിഴിലും ഇതിനോടകം തന്നെ പ്രശസ്‌തി പിടിച്ചു പറ്റിയ നടി ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ‘ബി 32 മുതൽ 44 വരെ’ എന്ന തൻ്റെ ഏറ്റവും പുതിയ സിനിമയിലൂടെയാണ് നടിയുടെ ഈ തിരിച്ചുവരവ്.
'നമുക്ക് പല കാര്യങ്ങളും നഷ്‌ടപ്പെടാം': സിനിമകൾ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന മാധ്യമ പ്രവർത്തകൻ്റെ ചേദ്യത്തിന് ഉത്തരം നൽകുകയായിരുന്നു രമ്യ നമ്പീശൻ. ‘ഈ ചോദ്യത്തിനു പിന്നിലുള്ള ഗൂഢ ഉദ്ദേശം എനിക്ക് മനസിലാകുന്നുണ്ട്. പല സാഹചര്യങ്ങൾ കൊണ്ടും സിനിമയില്ലാതിരുന്ന അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്.
പക്ഷെ അത് ആലോചിച്ച് വീട്ടിലിരുന്ന് 24 മണിക്കൂറും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരാളല്ല. ചില സാഹചര്യങ്ങളിൽ ചില നിലപാടുകൾ നമ്മൾ എടുക്കുമ്പോൾ നമ്മളുടെ സിനിമ മേഖലക്ക് ചില പ്രത്യേക സ്വഭാവങ്ങൾ ഉള്ളതുകൊണ്ട് നമുക്ക് പല കാര്യങ്ങളും നഷ്‌ടപ്പെടാം. പക്ഷെ അതിനെയെല്ലാം വളരെ വൈകാരികമായി കാണുന്നതിനേക്കാൾ വളരെ അഭിമാനത്തോടുകൂടെയാണ് ഞാൻ കാണുന്നത്. കാരണം അത് വളരെ സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമാണ്. അപ്പോൾ അതിന് അതിൻ്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകും, എന്നു കരുതി അവിടെ തളർന്നിരിക്കുക എന്നതിനേക്കാൾ അതിജീവിത എന്നു വിളിക്കുന്ന എൻ്റെ സുഹൃത്ത് കാണിച്ചു തന്ന പോലെ തളർന്നിരിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്.
പ്രത്യാഘാതങ്ങളെ തരണം ചെയ്‌ത് ധൈര്യത്തോടെ മുന്നേറുക ധൈര്യത്തോടെ എൻ്റെ ജോലി ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. എൻ്റെ ഇടം ഇവിടെ വെട്ടിപിടിക്കുക എന്നതിലാണ് കാര്യം. അതും വളരെ അഭിമാനത്തോടെ വെട്ടിപിടിക്കുകയാണ്. യാതൊരു വിട്ടുവീഴ്‌ച്ചകളുമില്ലാതെ നമ്മൾ തന്നെ ഉണ്ടാക്കിയ നിയമങ്ങൾ വച്ച് മുന്നോട്ട് പോകുക. അങ്ങനെയാകുമ്പോൾ എനിക്ക് സുഗമമായി ഉറങ്ങാനും പറ്റും.’ എന്നായിരുന്നു രമ്യ നമ്പീശൻ ഉത്തരം നൽകിയത്.