തെലുഗു സൂപ്പര്‍ താരം രാം ചരണിന് ഗംഭീര സര്‍പ്രൈസ് ഒരുക്കി 'ആര്‍സി 15' ടീം അംഗങ്ങള്‍. രാം ചരണിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് 'ആര്‍സി 15'. താരത്തിന്‍റെ ജന്മദിനത്തിന് മുന്നോടിയായി 'ആര്‍സി 15' സെറ്റില്‍ ഗംഭീര പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.
ടീം അംഗങ്ങള്‍ ചേര്‍ന്ന് രാം ചരണിന് മധുരമായ സര്‍പ്രൈസാണ് ഒരുക്കിയത്. കിയാര അദ്വാനി, സംവിധായകന്‍ എസ് ശങ്കർ, നർത്തകനും നടനുമായ പ്രഭുദേവ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു. റൈസ് റോര്‍ റിവോള്‍ട്ട് (ആര്‍ആര്‍ആര്‍) സിനിമയുടെ ആഗോള വിജയം ആഘോഷിക്കുകയാണിപ്പോള്‍ രാം ചരണ്‍. ചിത്രത്തിലെ ഗാനം 'നാട്ടു നാട്ടു' ഓസ്‌കര്‍ നേടിയതോടുകൂടി രാം ചരണ്‍ ആഗോള പ്രതിഭാസമായി മാറി.
തന്‍റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് രാം ചരണ്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. താത്‌കാലികമായി പേരിട്ടിരിക്കുന്ന 'ആര്‍സി 15' എന്ന സിനിമയുടെ സെറ്റിലെത്തിയ താരത്തിന് ഗംഭീര സ്വീകരണമാണ് ടീം അംഗങ്ങള്‍ ഒരുക്കിയത്. സിനിമയുടെ സെറ്റിലെത്തിയ താരത്തെ ചുവന്ന റോസാ ദളങ്ങള്‍ വര്‍ഷിച്ച് കൊണ്ടാണ് സ്വീകരിച്ചത്.
രാം ചരണിന് മധുരമായ സര്‍പ്രൈസാണ് ഒരുക്കിയത്
സെറ്റിൽ, റോസാ ദളങ്ങളുടെ പെരുമഴയ്‌ക്കിടയിലായിരുന്നു പിറന്നാള്‍ കേക്ക് മുറിച്ച് 'ആര്‍സി 15' ടീം അംഗങ്ങള്‍ താരത്തിന്‍റെ ജന്മദിനം ആഘോഷിച്ചത്. താരത്തിന്‍റെ ജന്മദിന ആഘോഷത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കിയാര അദ്വാനി, സംവിധായകന്‍ എസ്. ശങ്കർ, നിർമാതാവ് ദിൽ രാജു, സിനിയിലെ മറ്റ് അംഗങ്ങൾ എന്നിവർക്കെല്ലാം രാം ചരണ്‍ പിറന്നാള്‍ മധുരം പങ്കുവച്ചു.
റോസാ ദളങ്ങളുടെ പെരുമഴയ്‌ക്കിടയിലായിരുന്നു പിറന്നാള്‍ കേക്ക് മുറിച്ചത്
ബിഗ് ബജറ്റായി ഒരുങ്ങുന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയ വേളയിലാണ് ടീം അംഗങ്ങള്‍ രാം ചരണിന്‍റെ സർപ്രൈസ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഗോള്‍ഡന്‍ ഹെയര്‍സ്‌റ്റൈലില്‍ കാഷ്വല്‍ സ്‌കൈ ബ്ലൂ ഷര്‍ട്ടും ബോള്‍ഡ് സണ്‍ഗ്ലാസും ധരിച്ചാണ് രാം ചരണ്‍ സെറ്റിലെത്തിയത്. അതേസമയം നീല ഡെനിമിനൊപ്പം വെള്ള നിറമുള്ള ക്രോപ്പ് ടോപ്പ് ധരിച്ച് കാഷ്വല്‍ ലുക്കിലാണ് കിയാര അദ്വാനി എത്തിയത്. മറ്റൊരു ചിത്രത്തില്‍ ഗംഭീര സ്വീകരണമാണ് രാം ചരണിന് നല്‍കിയത്. നിറഞ്ഞ കരഘോഷത്തോടു കൂടിയും ചുവന്ന റോസാ ദളങ്ങള്‍ വര്‍ഷിച്ചും ചെണ്ട കൊട്ടിയും രാം ചരണിനായി പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.
രാം ചരണിന് ഗംഭീര സര്‍പ്രൈസ് ഒരുക്കി ആര്‍സി 15 ടീം
'ആര്‍സി 15'ല്‍ ഒരു ദേഷ്യക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത്. ചിത്രത്തില്‍ രാം ചരണിന്‍റെ നായികയാണ് കിയാര അദ്വാനി. തെന്നിന്ത്യന്‍ സൂപ്പര്‍ താരം എസ് ജെ സൂര്യയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശങ്കറും രാം ചരണും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെലുഗു താരങ്ങളില്‍ ഒരാളാണ് രാം ചരണ്‍. തെലുഗു സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
Also Read:രാം ചരണ്‍ ഹോളിവുഡിലേക്കോ?; ജെ ജെ അബ്രാംസുമായി കൂടിക്കാഴ്‌ച നടത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം