രാം ചരണ്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
തെലുഗു ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ഉപ്പേന'യ്‌ക്ക് ശേഷമുള്ള ബുച്ചി ബാബു സനയുടെ പുതിയ ചിത്രം കൂടിയാണിത്. പുതിയ സിനിമയുടെ പ്രഖ്യാപനം രാം ചരണും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. "ഇതില്‍ ആവേശമുണ്ട്!! ബുച്ചി ബാബു സനയോടൊപ്പവും മുഴുവന്‍ ടീമിനൊപ്പവും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു."-രാം ചരണ്‍ ട്വീറ്റ് ചെയ്‌തു.
വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവയുടെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മാണം. അതേസമയം മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ലഭ്യമല്ല. സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
നിലവില്‍ ശങ്കര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് രാം ചരണ്‍. 'ആര്‍സി 15' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ 'കിസി കാ ഭായ് കിസി കീ ജാന്‍' എന്ന ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തിലും രാം ചരണ്‍ എത്തും. രാജമൗലിയുടെ ബ്ലോക്ക്ബസ്‌റ്റര്‍ 'ആര്‍ആര്‍ആര്‍' ആയിരുന്നു രാം ചരണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read:ഭാര്യക്കൊപ്പം ആഫ്രിക്കയില്‍ ചുറ്റുക്കറങ്ങി രാം ചരണ്‍; വീഡിയോ വൈറല്‍