'സപ്‌ത സാഗരദാച്ചെ എല്ലോ സൈഡ് ബി' വിശേഷങ്ങളുമായി രക്ഷിത് ഷെട്ടി ഹേമന്ത് എം റാവു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രമാണ് 'സപ്‌ത സാഗര ദാച്ചെ എല്ലോ - സൈഡ് ബി'. രക്ഷിത് ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചൈത്ര ആചാറും രുഗ്മിണി വസന്തുമാണ് നായിക വേഷങ്ങളിൽ എത്തുന്നത്. 'സപ്‌ത സാഗരദാച്ചെ എല്ലോ - സൈഡ് എ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'സപ്‌ത സാഗരദാച്ചെ എല്ലോ - സൈഡ് ബി'.
മനുവിന്‍റെയും പ്രിയയുടെയും ഹൃദയഹാരിയായ കഥ പറഞ്ഞ ആദ്യഭാഗം മികച്ച പ്രതികരണം നേടിയിരുന്നു. കേരളത്തിൽ റിലീസ് ചെയ്‌തിരുന്നില്ലെങ്കിലും ഒടിടിയിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ ഈ സിനിമയ്‌ക്കായി. ആദ്യ ഭാഗത്തിന് ലഭിച്ച വലിയ സ്വീകാര്യത തന്നെയാണ് ഇപ്പോൾ രണ്ടാം ഭാഗം ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്യാൻ കാരണമായത്.
സ്വന്തം പ്രണയത്തിന് വേണ്ടി ത്യാഗം ചെയ്യുന്ന മനുവിനെയാണ് രക്ഷിത് ഷെട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനു ജീവിതത്തിൽ എടുത്ത ഒരു തീരുമാനം തെറ്റായിപ്പോയതിൽ പിന്നീട് വലിയ വില നൽകേണ്ടി വരുന്നതും നഷ്‌ടപ്പെട്ടുപോയതൊക്കെ തിരിച്ചുപിടിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമായിരുന്നു ആദ്യഭാഗം ദൃശ്യവത്‌കരിച്ചത്. ഇപ്പോഴിത പ്രേക്ഷകരെ ആവേശത്തിലാക്കി രണ്ടാം ഭാഗവും എത്തുകയാണ്.
നേരത്തെ പുറത്തുവന്ന രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. വലിയ വഴിത്തിരിവുകളിലൂടെയാകും ചിത്രം സഞ്ചരിക്കുകയെന്ന് ഉറപ്പ് തരുന്നതായിരുന്നു ട്രെയിലർ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് 'സപ്‌ത സാഗരദാച്ചെ എല്ലോ - സൈഡ് ബി' കേരളത്തിൽ റിലീസിന് എത്തിക്കുന്നത്.
മലയാളി പ്രേക്ഷകരെ കാണാനെത്തി രക്ഷിതും ചൈത്രയും:'സപ്‌ത സാഗരദാച്ചെ എല്ലോ - സൈഡ് ബി' എന്ന തങ്ങളുടെ പുതിയ ചിത്രത്തെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ താരങ്ങളായ രക്ഷിതും ചൈത്രയും കേരളത്തിലെത്തി. 'ചാർലി ട്രിപ്പിൾ സെവൻ' എന്ന തന്‍റെ സിനിയ്‌ക്ക് കേരളത്തിൽ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയ്‌ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് രക്ഷിത് സംസാരിച്ചു തുടങ്ങിയത്. തന്‍റെ സിനിമകൾക്ക് കേരളത്തിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് പൊതുവേ ലഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'സപ്‌ത സാഗരദാച്ചെ എല്ലോ സൈഡ് ബി' പ്രൊമോഷനിടെ രക്ഷിത് ഷെട്ടിയും ചൈത്ര ആചാറും രണ്ടാം ഭാഗത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ഒന്നാം ഭാഗം ഉറപ്പായും കണ്ടിരിക്കണം. ജീവിതത്തിൽ വാരിവലിച്ച് സിനിമകൾ ചെയ്യാൻ താത്പര്യപ്പെടുന്നില്ല. കരിയറിലെ 13 വർഷത്തിനിടയിൽ എന്‍റെ പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയൊ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചെയ്യുന്ന സിനിമകളൊക്കെ തന്നെ ജീവിതവുമായി വളരെയധികം ചേർന്നുനിൽക്കുന്നതാണ്.
'സപ്‌ത സാഗര ദാച്ചെ യെല്ലോ സൈഡ് എ' സത്യത്തിൽ കേരളത്തിൽ റിലീസ് ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരുന്നു. പക്ഷേ ചിത്രത്തിന്‍റെ നിർമാതാക്കൾ നേരത്തെ തന്നെ വലിയ തുകയ്‌ക്ക് ഒടിടി റൈറ്റ്‌സ് വിൽക്കുകയുണ്ടായി. ആമസോണിൽ റിലീസ് ചെയ്യാൻ എടുത്ത കാലതാമസത്തിനടയ്‌ക്കാണ് ചിത്രം കർണാടകയിലെ തിയേറ്ററുകളിൽ എത്തുന്നതും വലിയ വിജയമാകുന്നതും.
ആഴത്തിലുള്ള ഒരു പ്രണയകഥ പറയുന്ന ചിത്രം തന്നെയാണ് ഇതെന്നും രക്ഷിത് പറയുന്നു. ചിത്രത്തിനായി തന്‍റെ ശരീരഭാരം 20 കിലോ വരെ കൂട്ടിയെന്നും താരം പറഞ്ഞു. ചാർളിയുടെ പ്രമോഷന് കേരളത്തിൽ വന്നപ്പോൾ ഈ ചിത്രത്തിനായി ശരീരഭാരം കൂട്ടുന്ന പ്രോസസിലായിരുന്നു. ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു അപ്പോൾ.
സാധാരണ ആക്ഷൻ മാസ് ചിത്രങ്ങൾക്കാണ് പൊതുവേ രണ്ടാം ഭാഗം വരാറുള്ളത്. പ്രണയങ്ങൾക്ക് ഒരിക്കലും അവസാനമില്ല. കഥ അങ്ങനെ പറഞ്ഞു പോകാം. രണ്ടര മണിക്കൂറിൽ രണ്ടു ഭാഗത്തെയും കഥ പറഞ്ഞ് തീർക്കാവുന്നതേയുള്ളൂ. പക്ഷേ വൈകാരികത കൃത്യമായി പ്രേക്ഷകനിലേക്ക് എത്തണമെങ്കിൽ രണ്ടു ഭാഗങ്ങളായി തന്നെ കഥ പറയണം.
ചിത്രത്തിന്‍റെ ആദ്യഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത് രുഗ്മിണിയായിരുന്നു. രണ്ടു ചിത്രങ്ങൾക്കും സംവിധായകൻ അഭിനയ കളരികൾ നടത്തി പോകുന്നു. ആദ്യ ചിത്രത്തിൽ മനുവും പ്രിയയുമായുള്ള പ്രണയത്തിന്‍റെ ആഴങ്ങൾ മനസിലാക്കുന്ന തരത്തിലാണ് വർക് ഷോപ്പ് നടന്നതെങ്കിൽ, രണ്ടാം ഭാഗത്തിൽ ഒരു പരിചയവും ഇല്ലാത്ത തന്‍റെയും ചൈത്രയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള രസതന്ത്രം മികച്ചതാക്കുന്നതിനായിരുന്നു അത്.
കഥാപാത്രത്തിലേക്ക് തനിക്ക് എത്തിച്ചേരാൻ അധികം ബുദ്ധിമുട്ടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ നമ്മളൊക്കെ എക്‌സ്‌പീരിയൻസ് ചെയ്‌തിട്ടുള്ള എല്ലാതരം ഇമോഷനുമായും ചിത്രത്തിലെ കഥാസന്ദർഭങ്ങൾക്ക് ബന്ധമുണ്ട്. നായക കഥാപാത്രം ജയിലിൽ നിന്ന് ഇറങ്ങിയശേഷമുള്ള സംഭവ വികാസങ്ങളിലേക്കാണ് ചൈത്രയുടെ കഥാപാത്രം കടന്നുവരുന്നത്. വികാരത്തിന്‍റെ വലിയ ഭാണ്ഡവും പേറി എത്തുന്ന കഥാപാത്രത്തെ ചൈത്രയുടെ കഥാപാത്രവുമായി കൃത്യമായി ചേർത്തുവയ്‌ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സിനിമയിലെ കഥാപാത്രം തനിക്ക് വലിയ ഭാരമായില്ലെന്ന് നായിക ചൈത്രയും പറയുന്നു. സംവിധായകൻ പറഞ്ഞു തരുന്നതിനനുസരിച്ച് കഥാപാത്രത്തെ ഉൾക്കൊള്ളുക വളരെ സൗകര്യപ്രദമായിരുന്നു. സിനിമയിലെ കഥയും കഥാപാത്രങ്ങളും ഒരുപാട് ലെയറുകൾ ഉള്ള രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്നും താരം വ്യക്തമാക്കി.
READ ALSO:Raj B Shetty About Cinema Career മലയാള സിനിമകള്‍ ഒരുപാട് സ്വാധീനിച്ചു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങള്‍ കണ്ട് കിളി പോയി; രാജ് ബി ഷെട്ടി