ന്യൂഡല്‍ഹി:ഇന്ത്യയിലെ എക്കാലത്തെയും മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍മാരിയില്‍ ഒരാളായിരുന്നു അന്തരിച്ച രാജു ശ്രീവാസ്‌തവ. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാജുവിനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഒരുമാസത്തിലധികം ചികിത്സയില്‍ കഴിഞ്ഞെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി.
വെന്‍റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുമ്പോഴും ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് കുടുംബം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആരാധകരെ കണ്ണീരിലാഴ്‌ത്തി കൊണ്ട് രാജു ശ്രീവാസ്‌തവ വിടവാങ്ങിയത്. 58 വയസായിരുന്നു.
1963 ഡിസംബര്‍ 25ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു രാജു ശ്രീവാസ്‌തവയുടെ ജനനം. അച്ഛന്‍ രമേഷ് ചന്ദ്ര ശ്രീവാസ്‌തവ ഒരു കവിയായിരുന്നു. 1980കളുടെ അവസാനത്തിലാണ് രാജു ശ്രീവാസ്‌തവ കോമഡി മേഖലയില്‍ സജീവമാകുന്നത്.
വിവാദവും തുടര്‍ന്നുള്ള വധഭീഷണിയും: സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്‍റെ സ്റ്റാന്‍ഡ് അപ്പ് കോമഡിക്ക് വിഷയമായി. 2010ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് തമാശ പറഞ്ഞത് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് രാജു ശ്രീവാസ്‌തവക്ക് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
ജീവിതം മാറ്റി മറിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്: 2005 ലെ ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയാണ് രാജുവിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ ഷോയില്‍ രണ്ടാം റണ്ണര്‍ അപ്പ് ആയിരുന്നു അദ്ദേഹം. പിന്നീടങ്ങോട്ട് ബിഗ് സ്‌ക്രീനിലാണ് രാജു ശ്രീവാസ്‌തവയെ ആരാധകര്‍ കണ്ടത്.
തെസാബിലൂടെ വെള്ളിത്തിരയില്‍: 1988 ല്‍ പുറത്തിറങ്ങിയ തെസാബ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജുവിന്‍റെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ പ്രശസ്‌തരായ താരങ്ങളള്‍ക്കൊപ്പം അദ്ദേഹം സ്‌ക്രീന്‍ പങ്കിട്ടു. ബാസിഗര്‍, മേനെ പ്യാര്‍ കിയാ, ബോംബെ ടു ഗോവ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ബിഗ് ബോസ് ഷോയിലും രാജു ശ്രീവാസ്‌തവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രാഷ്‌ട്രീയത്തില്‍: 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു. ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം സ്വഛ് ഭാരത് അഭിയാന്‍റെ പ്രചരണപരിപാടികള്‍ പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാന ഫിലിം ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ചെയര്‍മാനായും രാജു ശ്രീവാസ്‌തവ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിഖയാണ് ഭാര്യ. ഇവര്‍ക്ക് ആയുഷ്‌മാന്‍, അന്തര എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
Also Read: ഹാസ്യനടന്‍ രാജു ശ്രീവാസ്‌തവ അന്തരിച്ചു