കൊവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ ലോക്‌ഡൗൺ ഇന്ത്യൻ ജനതയെ എങ്ങനെയെല്ലാം ബാധിച്ചു എന്നതിനെ ആസ്‌പദമാക്കി സംവിധായകൻ അനുഭവ് സിൻഹ ഒരുക്കുന്ന സിനിമയാണ് ‘ഭീഡ്’. തൻ്റെ പുതിയ സിനിമ ഭീഡിലൂടെ കൊവിഡ് കാലത്തെ ഭീകരത സ്‌ക്രീനില്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അനുഭവ് സിൻഹ. രാജ് കുമാർ റാവു നായകനാകുന്ന സിനിമയുടെ ട്രെയിലർ ടി-സീരീസ് അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ കൊവിഡ് സമയത്തെ പെട്ടന്നുള്ള ലോക്‌ഡൗൺ പ്രഖ്യാപനത്തിൽ വലഞ്ഞ പൊതുജനത്തെയാണ് കാണിക്കുന്നത്. 2020 ലെ ആദ്യ ലോക്‌ഡൗൺ അതിഥി തൊഴിലാളികളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ട്രെയിലർ എടുത്തുകാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ അതിഥി- തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
നാടു കടക്കാൻ ശ്രമിക്കുന്ന അതിഥി തൊഴിലാളുടെ കഥ:കൊറോണ വൈറസ് പടരുമെന്ന ഭയത്താൽ സംസ്ഥാന അതിർത്തികൾ അടച്ചുപൂട്ടിയ രാജ്യത്തെ ഇരുണ്ട ലോക്‌ഡൗൺ കാലഘട്ടത്തിൽ നാടുകടക്കാൻ ശ്രമിക്കുന്ന അതിഥി തൊഴിലാളികളെ റോഡരികിലിട്ട് പൊലീസ് മർദിക്കുന്നതും, അവരുടെ ദേഹത്ത് അണുനാശിനി തളിക്കുന്നതുമായ ക്രൂരകൃത്യങ്ങൾ കാണിച്ചു കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി പോരാടുന്ന സത്യസന്ധനായ ഒരു പൊലീസുകാരൻ്റെ വേഷത്തിലാണ് രാജ്‌കുമാർ റാവു സിനിമയിൽ വേഷമിടുന്നത്. ‘നീതി എപ്പോഴും ശക്തരുടെ കൈകളിലാണ്, അധികാരമില്ലാത്തവൻ നീതി നടപ്പാക്കിയാൽ നീതി വ്യത്യസ്‌തമായിരിക്കും’ എന്ന ട്രെയിലറിലെ രാജ് കുമാറിൻ്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.