മലയാളത്തിലെ യുവതാര നിരയില്‍ ശ്രദ്ധേയരായ രജിഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊള്ള'. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. കാണികളില്‍ ആകാംക്ഷയും അതിലുപരി അനേകം ചോദ്യങ്ങളും ബാക്കിയാക്കിയാണ് ട്രെയിലർ അവസാനിക്കുന്നത്.
രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രമാകും 'കൊള്ള' എന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നും ട്രെയിലർ സൂചന നൽകുന്നുണ്ട്. ജൂൺ 9 ന് കൊള്ള തിയേറ്ററില്‍ പ്രദർശനത്തിനെത്തും.
രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമിക്കുന്നത്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ലച്ചു രജീഷ് കൊ- പ്രൊഡ്യൂസറും രവി മാത്യു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
രജിഷ വിജയനും പ്രിയ വാര്യർക്കും പുറമെ വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത സംവിധായകന്‍ ഷാൻ റഹ്‌മാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'കൊള്ള'യ്‌ക്ക് സംഗീതമൊരുക്കുന്നതും ഷാന്‍ റഹ്‌മാന്‍ തന്നെയാണ്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് കഥ. ഡോക്‌ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രാജവേൽ മോഹനന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അർജുൻ ബെൻ ആണ്.
പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, മാർക്കറ്റിങ്: കൺടന്‍റ് ഫാക്‌ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
നേരത്തെ പുറത്തുവന്ന, ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഉദ്വേഗജനകമായ ട്രെയിലറും കയ്യടി നേടുകയാണ്. ചുരുങ്ങിയ സമയത്തിനിടെ നിരവധി പേരാണ് യൂട്യൂബില്‍ ട്രെയിലർ കണ്ടത്.
അതേസമയം 'ലൗ ഫുള്ളി യുവേഴ്‌സ് വേദ', 'പകലും പാതിരാവും' എന്നീ ചിത്രങ്ങളാണ് രജിഷ വിജയന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങൾ. രജിഷയ്‌ക്ക് പുറമെ ശ്രീനാഥ് ഭാസി, ഗൗതം മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്‌ത 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' കലാലയത്തിലെ സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റെയും വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെയും ഏടുകളിലൂടെയാണ് കടന്നു പോകുന്നത്.
മാസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ്, താൻ ഇതുവരെ ചെയ്‌ത സിനിമകളിൽ നിന്നും വഴിമാറി നടന്ന ത്രില്ലർ ചിത്രമായിരുന്നു 'പകലും പാതിരാവും'. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് രജിഷ കാഴ്‌ചവച്ചത്. 'യാരിയാന്‍-2', 'ലവ് ഹാക്കേഴ്‌സ്', 'ശ്രീദേവി', 'ലൈവ്' എന്നിവയാണ് പ്രിയ വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.
ALSO READ:മാസായി ഷാഹിദ് കപൂർ, വൈബില്‍ ബാദ്ഷാ; 'ബ്ലഡി ഡാഡി'യിലെ ആദ്യ ഗാനം പുറത്ത്