ഹൈദരാബാദ്:33 വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകളുടെ ആ സമാഗമം സാധ്യമാവുകയാണ്. സാക്ഷാല്‍ രജനികാന്തും അമിതാഭ് ബച്ചനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു, 'തലൈവർ 170'ലൂടെ. പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് തമിഴകത്തിന്റെ തലൈവർക്കൊപ്പം ബിഗ് ബി വീണ്ടും കൈകോർക്കുന്നത്.
താൻ മെന്ററായി കാണുന്ന ബിഗ് ബിയുമായുള്ള വർഷങ്ങൾക്ക് ശേഷമുള്ള പുനഃസമാഗമത്തിൽ സൂപ്പർസ്റ്റാർ വലിയ ആഹ്ളാദത്തിലാണ്. എക്സിൽ ബിഗ് ബിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും പോസ്റ്റ് ചെയ്താണ് രജനി തന്റെ അടക്കാനാവാത്ത സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്. തന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ് എന്നും സൂപ്പർ സ്റ്റാർ കുറിച്ചു.
"ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ തലൈവർ 170 എന്ന ചിത്രത്തിലൂടെ 33 വർഷത്തിന് ശേഷം, ഞാൻ എന്റെ ഗുരുനാഥനായ പ്രതിഭാസം അമിതാഭ് ബച്ചനുമായി വീണ്ടും പ്രവർത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്!"- രജനികാന്ത് കുറിച്ചു.
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന 'തലൈവർ 170' സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് കേരളത്തിൽ ആരംഭിച്ചത്. അമിതാഭ് ബച്ചനെയും രജനികാന്തിനെയും കൂടാതെ ഫഹദ് ഫാസിലും റാണ ദഗ്ഗുബാട്ടിയും ഉൾപ്പെടുന്ന ഒരു കൂട്ടം പ്രഗത്ഭരായ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് എന്നിവരാണ് 'തലൈവർ 170'ലെ നായികമാർ.