ഒടുവിൽ രജനി ആരാധകരുടെ കാത്തിരിപ്പിന് വിരാമം. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ നായകനായെത്തുന്ന, 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നു (Rajinikanth's next movie with TJ Gnanavel gets title). 'വേട്ടയ്യൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് (Rajinikanth TJ Gnanavel movie Vettaiyan). ടീസർ പുറത്തുവിട്ടാണ് ഇപ്പോൾ ചിത്രത്തിന്‍റെ പേര് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. രജനികാന്തിന്‍റെ 73-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഈ സ്‌പെഷൽ പ്രഖ്യാപനം നിർമാതാക്കൾ നടത്തിയത്.
നേരത്തെ രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് പങ്കുവച്ച കുറിപ്പിൽ സിനിമയുടെ പേരും ടീസറും ഇന്ന് വൈകിട്ട് പുറത്തുവിടുമെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. ഇപ്പോഴിതാ അവർ തങ്ങളുടെ വാക്ക് പാലിച്ചിരിക്കുകയാണ്. പ്രിയ താരത്തിന്‍റെ പിറന്നാൾ ആഘോഷമാക്കുന്ന ആരാധകർക്ക് ഇരട്ടി മധുരമായാണ് ടീസറും പേരും എത്തിയിരിക്കുന്നത്.
പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന 'വേട്ടയ്യനി'ൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും രജനിക്കൊപ്പം വേഷമിടുന്നുണ്ട്. നീണ്ട 33 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകൾ ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ടി ജെ ജ്ഞാനവേലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരകങ്ങളും കൈകോർക്കുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്.