രജനികാന്ത് ആരാധകരെ ആവേശത്തിലാക്കി 'ലാൽ സലാം' ഗ്ലിംപ്‌സ് പുറത്ത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാം' ഐശ്വര്യ രജനികാന്ത് ആണ് സംവിധാനം ചെയ്യുന്നത്. രജനിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം പ്രത്യേക ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Moideen Bhai Glimpse from Lal Salaam movie out).
ലൈക്ക പ്രൊഡക്ഷൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ഇതുവരെ 20 ലക്ഷത്തിനോടടുത്ത് കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ലാൽ സലാമിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൊയ്‌ദീൻ ഭായ്‌യുടെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ.
ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ ടീസറിലും രജനികാന്തിന്‍റെ തകർപ്പൻ രംഗങ്ങളുണ്ടായിരുന്നു. രജനികാന്തും ചിത്രത്തിലുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചതോടെയാണ് ചിത്രത്തിന്മേലുള്ള ഹൈപ്പ് കൂടിയത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനി.
ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചുള്ള രജനികാന്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ഈ ചിത്രത്തിൽ നായകരായെത്തുന്നത്. 2024 പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും ('Lal Salaam' will hit theaters in 2024 January). സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും 'ലാൽ സലാ'മിൽ വേഷമിടുന്നുണ്ട്.