റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എങ്ങും 'ജയിലർ' മയമാണ്. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന്‍റെ ആഴം കൂട്ടി ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നെല്‍സണ്‍ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുക. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം. 'ജയിലറി'നായി അക്ഷമയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വിരുന്നായി എത്തിയിരിക്കുന്ന പുതിയ വീഡിയോയും ആരാധകർ നെഞ്ചേറ്റുകയാണ്.
രജനികാന്തും പ്രതിനായക വേഷത്തിലെത്തുന്ന, മലയാളത്തിന്‍റെ സ്വന്തം വിനായകനുമാണ് പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്ത് അവതരിപ്പിക്കുന്ന മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തോട് കൊമ്പുകോർക്കാൻ ഒരുമ്പെടുന്ന വില്ലാനായാണ് വിനായകൻ വീഡിയോയിൽ ഉള്ളത്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചെത്തുന്ന രജനി ചിത്രമാണ് 'ജയിലർ'.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസും ചിത്രത്തിന്‍റെ ഡിസ്‌ട്രിബ്യൂഷന്‍ പാര്‍ട്‌ണറാണ്. കേരളത്തിൽ 300ൽ അധികം തിയേറ്ററുകളിലാണ് 'ജയിലർ' ചാർട്ട് ചെയ്‌തിരിക്കുന്നത്. പ്രധാനപ്പെട്ട തിയേറ്ററുകളിൽ എല്ലാം റിലീസിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഹൗസ്‌ഫുൾ ഷോസായി മാറിയിരിക്കുന്നു എന്നാണ് വിവരം. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്‌ഫുള്ളിലേക്ക് നീങ്ങുകയാണ്.