ഹൈദരാബാദ് :രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തമിഴകത്തിന്‍റെ മെഗാസ്റ്റാർ രജനികാന്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു 'ജയിലർ' (Rajinikanth Jailer movie). നെൽസൺ ദിലീപ്‌കുമാറിന്‍റെ സംവിധാനത്തില്‍ ഓഗസ്റ്റ് 10ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫിസിനെ ഇളക്കിമറിക്കുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതുവരെ ആഗോള ബോക്‌സ് ഓഫിസിൽ നിന്നും 'ജയിലർ' 500 കോടിയിലധികം കളക്ഷൻ നേടിയതായാണ് വിവരം (Jailer Box Office Collection).
പാൻ-ഇന്ത്യൻ ചിത്രമായെത്തിയ ജയിലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചുകൊണ്ടിരിക്കെ ചെന്നൈയിൽ തന്‍റെ സഹപ്രവർത്തകർക്കൊപ്പം സിനിമയുടെ തകർപ്പൻ വിജയം ആഘോഷമാക്കുകയാണ് രജനികാന്ത്. ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്ക് ശേഷം ചെന്നൈയിൽ മടങ്ങി എത്തിയതിന് പിന്നാലെയാണ് രജനികാന്ത്, ജയിലറുടെ വിജയം ആഘോഷിക്കാനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒത്തുകൂടിയത് (Rajinikanth celebrates Jailer success).
സിനിമയുടെ സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, അഭിനേത്രി രമ്യ കൃഷ്‌ണൻ എന്നിവരും സിനിമയുടെ മറ്റ് നിർമാണ-സംവിധാന ടീമംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. കേക്ക് മുറിച്ചാണ് സൂപ്പർ താരം സന്തോഷം പങ്കിട്ടത്. തമിഴ് ചലച്ചിത്ര രംഗത്ത് ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണ് 'ജയിലർ'.
തമിഴ്‌നാടിന് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വൻ കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്‌ത ബീസ്റ്റിന്‍റെ പരാജയം ഏൽപ്പിച്ച കനത്ത തിരിച്ചടിയെ നെൽസൺ മറികടന്ന ചിത്രം കൂടിയായി ജയിലർ. ബീസ്റ്റിന്‍റെ പരാജയത്തിൽ ഉഴലുകയായിരുന്ന നെൽസണ് ജയിലറിന്‍റെ വിജയം കരിയറിൽ വലിയ ഉയർച്ചയാണ് നൽകിയിരിക്കുന്നത്.