എറണാകുളം: പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ (Raj B Shetty's Toby Movie) രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ സംവിധാനം ചെയ്‌ത ടോബി മലയാളം പതിപ്പ് കഴിഞ്ഞ ദിവസമാണ് (സെപ്റ്റംബർ 22) കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിയത് (Toby Released in Kerala). ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ആണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഫാസ്റ്റ് ഫില്ലിങ് ഷോകളിലേക്ക് കുതിച്ച ടോബി (Toby) വൻ പ്രേക്ഷക പ്രീതിയോടെ മുന്നേറുകയാണ്.
മലയാളത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററിൽ വന്ന് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ടോബി കാണണമെന്നും ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യർഥിച്ചു. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈമുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്‍റെ ഗരുഡ ഗമന വൃഷഭ വാഹനക്കും (Garuda Gamana Vrishabha Vahana) റോഷാക്കിനും (Rorschach) ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കുന്ന ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് സമ്മാനിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.