മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടർബോ'. മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു താരത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയായിരിക്കുകയാണ്.
കന്നഡ താരം രാജ് ബി ഷെട്ടിയെ 'ടർബോ' ടീമിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കന്നഡ - തെലുഗു ചലച്ചിത്ര മേഖലയിൽ മികച്ച സിനിമകളിലൂടെ പേരെടുത്ത രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റം ആഘോഷമാക്കുകയാണ് ആരാധകർ. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി മോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത് വെറുതെയാവില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.
'ഗരുഡ ഗമന വൃഷഭ വാഹന' (2021), '777 ചാർലി' (2022) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ടോബി' എന്ന ചിത്രം മൊഴിമാറ്റി കേരളത്തിലും റിലീസ് ചെയ്‌തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കൂടാതെ മലയാളത്തിലും തരംഗമായ ഋഷഭ് ഷെട്ടിയുടെ 'കാന്താര' (2022) എന്ന സിനിമയുടെ അണിയറയിലും രാജ് ബി ഷെട്ടിയുണ്ടായിരുന്നു.
അതേസമയം തെലുഗു നടൻ സുനിലും 'ടർബോ'യിൽ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രജനികാന്തിന്‍റെ 'ജയിലർ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സുനിലിന്‍റെ പോസ്റ്റർ നേരത്തെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറക്കാർ വരും ദിവസങ്ങളിലായി വെളിപ്പെടുത്തുമെന്നാണ് വിവരം. തെന്നിന്ത്യയിലെ വമ്പൻ താരങ്ങൾ ചിത്രത്തിനായി കൈകോർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അടുത്തിടെ തന്‍റെ വരാനിരിക്കുന്ന ചിത്രമായ 'കാതലി'ന്‍റെ പ്രൊമോഷനിടെ 'ടർബോ'യെ കുറിച്ച് മമ്മൂട്ടി മാധ്യമങ്ങളോട് വാചാലനായിരുന്നു. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. നേരത്തെ 'ടർബോ'യുടെ കഥാപാത്ര രൂപത്തിൽ മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയ അത് ആഘോഷമാക്കിയിരുന്നു.