ചിയാന്‍ വിക്രമിനെ നായകനാക്കിയുളള മഹാന്‍റെ വന്‍വിജയത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് കാര്‍ത്തിക് സുബ്ബരാജ്. ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്‍റ് ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങി. രാഘവ ലോറന്‍സും എസ്‌ജെ സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'; ലോറന്‍സും എസ്‌ജെ സൂര്യയും നേര്‍ക്കുനേര്‍, കാര്‍ത്തിക്ക് സുബ്ബരാജ് പടത്തിന്‍റെ ടീസര്‍ - ജിഗര്‍തണ്ട
ലോറന്‍സും എസ്‌ജെ സൂര്യയും നേര്‍ക്കുനേര്‍ വരുന്ന ഒരു മാസ് ടീസറാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ടീസര്‍ സിനിമാപ്രേമികളെ ത്രില്ലടിപ്പിക്കുന്നു
മൂന്ന് മിനിറ്റിനടുത്ത് ദൈര്‍ഘ്യമുളള ടീസറില്‍ ഇരുവരുടെയും ആറ്റിറ്റ്യൂഡും സ്‌ക്രീന്‍ പ്രസന്‍സുമാണ് മുഖ്യ ആകര്‍ഷണം. ഒരു വേറിട്ട പ്രമേയം പറയുന്ന ചിത്രമായിരിക്കുമെന്നുളള സൂചനകള്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ടീസര്‍ നല്‍കുന്നു. അതേസമയം 2014ല്‍ തന്‍റെതായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ജിഗര്‍തണ്ടയുടെ തുടര്‍ച്ചയല്ല പുതിയ ചിത്രമെന്ന് കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചിട്ടുണ്ട്.
സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതായുളള വിവരവും സംവിധായകന്‍ പങ്കുവച്ചു. തമിഴിലെ പ്രശസ്‌ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് സംഗീതം. മധുരയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് നിര്‍മാണം.