പ്രേക്ഷക പ്രിയ താരം ഹണി റോസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റേച്ചൽ'. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് ഹണി റോസ് (Rachel's first Schedule Wraps Up). തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്. 'റേച്ചൽ' സിനിമയുടെ സംവിധായിക ആനന്ദിനി ബാലയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം നീണ്ട കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട് (Rachel's first Schedule Completed).
തന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത 30 ദിവസങ്ങളാണ് കടന്നുപോയതെന്ന് ഹണി റോസ് കുറിച്ചു. 'എന്‍റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് കഴിഞ്ഞ 30 ദിവസങ്ങൾ. ഈ പാൻ-ഇന്ത്യൻ പ്രൊജക്‌ടായ റേച്ചലിലേക്ക് ചുവടുവയ്‌ക്കുന്നത് ഒരു സവിശേഷ അനുഭവമായിരുന്നു.
നായിക എന്ന നിലയിലുള്ള 18 വർഷത്തെ എന്‍റെ കരിയറിൽ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകർഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും വികാരഭരിതയുമായ വനിത സംവിധായിക ആനന്ദിനി ബാലയുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു.
സംവിധായകൻ എബ്രിഡ് ഷൈനിന്‍റെ ആശയങ്ങളും മാർഗ നിർദേശങ്ങളും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് നന്ദി....ലെൻസിന് പിന്നിലെ മാന്ത്രികത പകർത്തിയതിന് സ്വരൂപ് ഫിലിപ്പിനും പ്രത്യേക നന്ദി!' -ഹണി റോസിന്‍റെ വാക്കുകൾ ഇങ്ങനെ. കൂടാതെ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളോടും അണിയറ പ്രവർത്തകരോടും നടി പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്.