കേരളം

kerala

ETV Bharat / entertainment

ഇത് നിരൂപണമല്ല, പണം സ്വരൂപിക്കൽ, കൊല്ലലിനെ കാശാക്കി മാറ്റൽ ; 'രാസ്‌ത' സിനിമയുടെ ഛായാഗ്രാഹകന്‍

Raasta movie review bombing : അനീഷ് അൻവർ സംവിധാനം ചെയ്‌ത 'രാസ്‌ത' ജനുവരി അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസായി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ 'റിവ്യൂ' എന്ന രീതിയിൽ ആ സിനിമയെ ഇല്ലായ്‌മ ചെയ്യുന്ന ഒരു വീഡിയോ പുറത്തിറങ്ങിയെന്ന് ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍.

By ETV Bharat Kerala Team

Published : Jan 10, 2024, 5:54 PM IST

Raasta review bombing  vishnu narayanan post  രാസ്‌ത റിവ്യു  രാസ്‌ത ഛായാഗ്രാഹകന്‍
Raasta movie review bombing

ടുത്തിടെ തിയേറ്ററുകളിലെത്തിയ 'രാസ്‌ത' എന്ന സിനിമയ്‌ക്കെതിരെ ചില നിരൂപകര്‍ ബോധപൂർവം ആക്രമണം നടത്തുവെന്ന ആരോപണവുമായി ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍. വിമര്‍ശനത്തിന് ആരും അതീതരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ 'രാസ്‌ത'ക്കെതിരെ നടക്കുന്നത് വിമർശനമല്ലെന്നും മറിച്ച് സിനിമയെ ഇല്ലായ്‌മ ചെയ്യലാണെന്നും പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍റെ ആരോപണം.

സ്വന്തം റീച്ചിന് വേണ്ടി ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്നത്തെ പരിഹസിക്കുകയാണ്. വര്‍ഷങ്ങളോളം ആഗ്രഹിച്ച് ലഭിച്ച ഒരു കുഞ്ഞിനെ ജനിക്കുമ്പോള്‍ തന്നെ കൊല്ലുകയാണിവര്‍. ഇവരുടേത് സിനിമാനിരൂപണം അല്ല മറിച്ച്, കൊല്ലലിനെ കാശാക്കിമാറ്റലാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി അഞ്ചിനാണ് അനീഷ് അൻവർ സംവിധാനം ചെയ്‌ത 'രാസ്‌ത' തിയേറ്ററുകളിൽ എത്തിയത്. അലു എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ഈ ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 'പ്രിയപ്പെട്ടവരെ, ആരും വിമർശനത്തിനതീതരല്ല... ഞാനും. മലയാള സിനിമയിൽ എത്തിയിട്ട് 24 വർഷമായി, സ്വതന്ത്ര ഛായാഗ്രാഹകനായിട്ട്‌ 13 വർഷവും...24 സിനിമകളോളം ചെയ്‌ത ഞാൻ ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്, അതുപോലെ തന്നെ പ്രശംസകളും.

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ് ആയ 'രാസ്‌ത' എന്ന സിനിമ ഇറങ്ങി ആദ്യ മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ ഒരു 'റിവ്യൂ' എന്ന രീതിയിൽ ആ സിനിമയെ ഇല്ലായ്‌മ ചെയ്യുന്ന ഒരു വീഡിയോ ഒരു വ്യക്തി ഇറക്കുകയുണ്ടായി. സിനിമാറ്റോഗ്രഫി എന്നല്ല, ആ സിനിമയിൽ ഒന്നും തന്നെ കൊള്ളില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം. ഇങ്ങനെ ആ സിനിമയെ പറയുന്നത് കാണുമ്പോൾ റിവ്യൂ ആയോ വിമർശനമായോ അല്ല തോന്നുന്നത്, പകരം സ്വന്തം 'reach' നുവേണ്ടി ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തെ പരിഹസിക്കലായാണ് തോന്നിയത്.

സിനിമ കണ്ടിറങ്ങിയ യഥാർത്ഥ പ്രേക്ഷകർ വിളിച്ചുപറഞ്ഞ അഭിപ്രായം ആണ് ആ തോന്നലിനുകാരണം. പിന്നെ ഉള്ള ഒരു വിമർശനം, മൊബൈലിൽ ഷൂട്ട് ചെയ്‌ത പോലെ, സൂം ചെയ്‌തുവച്ചു എന്നൊക്കെയാണ്. ഇങ്ങനെ ആധികാരികമായി അങ്ങുറപ്പിക്കരുത് എന്ന് എനിക്ക് പറയാനുണ്ട്...

നമുക്ക് പരിചിതമല്ലാത്ത, ഒട്ടും ഷൂട്ടിങ് ഫ്രണ്ട്‌ലി അല്ലാത്ത ഒരു സാഹചര്യത്തിൽ എങ്ങനെയൊക്കെ ഷൂട്ട് ചെയ്യാമോ അങ്ങനെയൊക്കെയാണ് ഈ സിനിമയുടെ ഷൂട്ട് ഫിനിഷ് ചെയ്‌തത്. Whole crew പത്ത് ഇരുപതുദിവസം കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും തന്നെയാണ് 'രാസ്‌ത' ഷൂട്ട്‌ ചെയ്‌തത്.

ഇയാളൊക്കെ എന്തിന്‍റെ ബേസിൽ ആണ് ടെക്നിക്കലി പറയുന്നത്? ആാാാ... നമുക്കറിവില്ലാത്തതിനെ വിമർശിക്കുന്നയാൾ തീർച്ചയായും ആത്മവിമർശനം നടത്തണം ...അതില്ലല്ലോ ... എനിക്കും കിട്ടണം പണം ...തീർച്ചയായും ഈ പോസ്റ്റും വിൽക്കപ്പെടും ... ആഘോഷിക്കപ്പെടും ...ഇനി സിനിമയിലേക്ക് വരുന്നവർക്കും ഇപ്പോൾ ഇവിടെ ഉള്ളവർക്കും വേണ്ടിത്തന്നെയാണീ പോസ്റ്റ്.

തീർച്ചയായും മോശമായത് വിമർശിക്കപ്പെടണം, വിമർശനത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാം... അതേസമയം ഒരു ദാക്ഷിണ്യവും ഇല്ലാതെ വായിൽ തോന്നിയത് ഇങ്ങനെ പറയുന്നത് കൊണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോരോ വ്യക്തികളും എത്രമാത്രം മാനസികമായി തളർത്തപ്പെടും, പിന്തള്ളപ്പെടും എന്ന് ഇവർ ചിന്തിക്കുന്നില്ല.

വേണ്ട , ചിന്തിക്കേണ്ട. വർഷങ്ങളോളം ആഗ്രഹിച്ചുകിട്ടിയ ഒരു കുഞ്ഞിനെ ജനിക്കുമ്പോൾ തന്നെ കൊല്ലുകയാണിവർ... ഇവരുടേത് സിനിമാനിരൂപണം അല്ല, കൊല്ലലിനെ കാശാക്കിമാറ്റലാണ്... 130 രൂപ മുടക്കി ലക്ഷങ്ങൾ നേടാനുള്ള ത്വര... നിരൂപണം അല്ല, പണം സ്വരൂപിക്കൽ മാത്രമാണ്...

എല്ലാ സിനിമകളും എല്ലാവർക്കും ഒരുപോലെ ഹൃദ്യമാവണം എന്നില്ല ...നല്ല റിവ്യൂ പറയുന്ന സിനിമ ചിലർക്ക് മോശമായേക്കാം...ഒരാളുടെ അഭിപ്രായം പ്രേക്ഷക സമൂഹത്തിന്‍റെ മുഴുവൻ അഭിപ്രായമല്ലല്ലോ?

പ്രേക്ഷകരായ നിങ്ങളോരോരുത്തരും ഈ സിനിമ 'രാസ്‌ത' കാണുക, ഒന്ന് കണ്ട് വിലയിരുത്തുക , ചിന്തിക്കുക...ഈ ചിത്രം കണ്ടവരുടെ മനസ്സൊന്നു പറയണേ...സത്യമായ അഭിപ്രായങ്ങൾ തീർച്ചയായും തരിക.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശിച്ച അമിക്കസ് ക്യൂറിയുടെ കണ്മുന്നിൽ ഈ പോസ്റ്റ് എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ...വിഷ്‌ണു നാരായണൻ'.

ABOUT THE AUTHOR

...view details