അമൃത്‌സര്‍: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല അക്രമികളുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചാണ് സംഭവം. സിദ്ദു മൂസയ്‌ക്ക് ഉണ്ടായിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 30 റൗണ്ട് വെടിയേറ്റ് ഗായകന്‍ മരിച്ചത്.
വെടിവെയ്‌പ്പിനിടെ ഗായകന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റു. സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ് പഞ്ചാബിലെ ആംആദ്‌മി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മാന്‍സയിലേക്ക് പോകുമ്പോഴായിരുന്നു പഞ്ചാബി ഗായകനെതിരെ ആക്രമണം നടന്നത്.
വെടിയുതിര്‍ത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 2021ലാണ് സിദ്ദു മൂസേവാല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാന്‍സയില്‍ നിന്നും മത്സരിച്ചെങ്കിലും ആം ആദ്‌മിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
ശുഭ്‌ദീപ് സിങ് സിദ്ദു എന്നാണ് കൊല്ലപ്പെട്ട സിദ്ദു മൂസേവാലയുടെ യഥാര്‍ഥ പേര്. പഞ്ചാബി സിനിമ, സംഗീത മേഖലയില്‍ സജീവമായിരുന്ന പ്രശസ്‌ത കലാകാരനായിരുന്നു സിദ്ദു മൂസേവാല. 2017ല്‍ പുറത്തിറങ്ങിയ സോ ഹൈ എന്ന പാട്ടിലൂടെയാണ് അദ്ദേഹം പ്രശസ്‌തനായത്.
2018ല്‍ ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബങ്ങളുടെ ചാര്‍ട്ടില്‍ 66ാം സ്ഥാനത്തായിരുന്നു പഞ്ചാബി ഗായകന്‍റെ ആദ്യ ആല്‍ബം. 2020ല്‍ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട 2020ലെ 50 പുതിയ കലാകാരന്മാരുടെ ലിസ്റ്റില്‍ സിദ്ദു മൂസെവാലയെയും ഉള്‍പ്പെടുത്തി.