ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'പുലിമട'യിലെ പുതിയ ഗാനം പുറത്തിറങ്ങി (Joju George's 'Pulimada' Movie New Song Out). ഇഷാൻ ദേവ് ഈണം പകർന്ന 'അലകളിൽ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത് (Pulimada Movie Alakalil Lyric Video). 'പുലിമട'യിലെ നാലാമത്തെ ഗാനമാണിത്.
എ കെ സാജനാണ് 'പുലിമട'യുടെ സംവിധായകൻ. ലിജോമോളും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ എ കെ സാജന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ 'പുലിമട'യുടെ കഥ, തിരക്കഥ എഡിറ്റിങ് നിർവഹിക്കുന്നതും എ കെ സാജനാണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും ശ്രദ്ധ ആകർഷിക്കുകയാണ്. ഡോ. താരാ ജയശങ്കറാണ് 'അലകളിൽ' എന്ന പുതിയ ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ. സംഗീത സംവിധായകൻ ഇഷാൻ ദേവ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണിലാണ് ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്.
അതേസമയം പെണ്ണിന്‍റെ സുഗന്ധം (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കിയിരിക്കുന്ന 'പുലിമട' ഇങ്ക് ലാബ് സിനിമാസിന്‍റെയും ലാൻഡ് സിനിമാസിന്‍റെയും ബാനറുകളിൽ രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.