കേരളം

kerala

By

Published : Jul 19, 2023, 4:27 PM IST

ETV Bharat / entertainment

'പറയുന്ന സമയത്ത് എത്തും, അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചോ?'; കുഞ്ചാക്കോ ബോബനെ പിന്തുണച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

കുഞ്ചാക്കോ ബോബന് പിന്തുണ അറിയിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ്‌ കണ്ണാടിക്കല്‍. നിര്‍മാതാവ് ഹൗളി പോട്ടൂരും നേരത്തെ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കുഞ്ചാക്കോ ബോബനെ പിന്തുണച്ച് ആസാദ് കണ്ണാടിക്കല്‍  കുഞ്ചാക്കോ ബോബന്‍  നിര്‍മാതാവ് ഹൗളി പോട്ടൂര്‍  Kunchacko Boban  Padmini  പദ്‌മിനി  ആസാദ്‌ കണ്ണാടിക്കല്‍  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ്‌ കണ്ണാടിക്കല്‍  Production controller Azad Kannadikkal  Kunchacko Boban on Padmini controversy  Padmini controversy  Azad Kannadikkal supports Kunchacko Boban  കുഞ്ചാക്കോ ബോബനെ പിന്തുണച്ച്
'അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചോ?'; കുഞ്ചാക്കോ ബോബനെ പിന്തുണച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

നടന്‍ കുഞ്ചാക്കോ ബോബന് (Kunchacko Boban) പിന്തുണയുമായി 'ചാവേര്‍' സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍. കുഞ്ചാക്കോ ബോബന്‍റേതായി തിയേറ്ററുകളില്‍ എത്തിയ 'പദ്‌മിനി'യുടെ (Padmini) പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നടന്‍ സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് പിന്തുണ അറിയിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ആസാദ്‌ കണ്ണാടിക്കലിന്‍റെ പ്രതികരണം.

'കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ കണ്ടിരുന്നു. കുഞ്ചാക്കോ ബോബൻ എന്ന താരം, അദ്ദേഹം അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ പോയില്ല, കുടുംബവുമായി ടൂർ പോയിരിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു സിനിമയുടെ നിർമാതാവിന്‍റെ പരാതി. ഒരു നിർമാതാവ് ഒരു താരത്തെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കിൽ അയാൾ അതിന് ആ താരത്തിന് എന്താണ് മൂല്യം (കച്ചവട സാധ്യത) എന്ന് തീർച്ചയായും നോക്കുന്നതായിരിക്കും. അത് തന്നെയാണ് ആ നടന് പ്രതിഫലം കൊടുക്കുന്ന ഘടകവും. അല്ലാതെ ഇവർ പറഞ്ഞ തുക അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടെങ്കിൽ അതവർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയായിരിക്കും.

ഈ പറഞ്ഞവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. 25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു നടനാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്ത്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരികയോ ചെയ്‌തിട്ടുണ്ടോ? അത് കൂടി നിങ്ങൾ പറയണം. അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചോ? ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല.

ഒരു നിർമാതാവിനും സംവിധായകനും ഏറ്റവും കൂടുതൽ ആവശ്യം അവരുടെ താരങ്ങൾ പറയുന്ന സമയത്ത് ലൊക്കേഷനിൽ എത്തുക എന്നത് തന്നെയാണ്. ഞാൻ വർക്ക് ചെയ്‌ത ചാവേർ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. (വേറെയും നായകന്മാർ ഉണ്ട്) ആ സിനിമയുടെ ചിത്രീകരണത്തിന്‍റെ സമയത്ത് 35 ദിവസത്തിൽ കൂടുതൽ രാത്രി ഫുൾ ഷൂട്ട് ഉണ്ടായിരുന്നു. വൈകീട്ട് 3 മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെ കഴിഞ്ഞാണ് പോയിരുന്നത്.

Also Read:'രണ്ടര കോടി വാങ്ങിയിട്ട് പ്രൊമോഷനില്‍ പങ്കെടുക്കാതെ യൂറോപ്പില്‍ പോയി ഉല്ലസിച്ചു'; കുഞ്ചാക്കോ ബോബനെതിരെ പദ്‌മിനി നിര്‍മാതാക്കള്‍

ആ സിനിമയുടെ സമയത്ത് ഈ നടനെ ഞാൻ കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി. നമ്മൾ ഷൂട്ടിങ് ലൊക്കേഷനിൽ ഇത്ര മണിക്ക് വരണമെന്ന് പറഞ്ഞാൽ അദ്ദേഹം ആ സമയത്തിന്‍റെ അഞ്ച് മിനിറ്റ് മുമ്പെങ്കിലും എത്തിയിരിക്കും. ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12:30 ആയിരുന്നു. അതിന്‍റെ അടുത്ത ദിവസം സിനിമയിൽ ചിത്രീകരിക്കേണ്ട സീൻ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു.

അത് അദ്ദേഹത്തിനോട് പറയാൻ ഞങ്ങൾക്ക് ഉള്ളിലൊരു വിഷമം ഉണ്ടായിരുന്നു. കാരണം ആറ് മണിക്ക് ഷൂട്ട് ചെയ്യണമെങ്കിൽ അദ്ദേഹത്തിന്‍റെ ആ സിനിമയിലെ മേക്കപ്പ് ഇടാൻ മാത്രം ഒന്നര മണിക്കൂർ വേണം. അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ, നാല് മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തണം. എന്നാല്‍ മാത്രമാണ് രാവിലെ ഷൂട്ട് ചെയ്യാൻ കഴിയുകയുള്ളു.

ഞാൻ അദ്ദേഹത്തിന്‍റെ അടുത്ത് പോയി ഈ കാര്യം പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു "ആസാദ് ഭായ്, എത്ര മണിക്ക് ഞാൻ അവിടെ എത്തണം എന്ന് പറഞ്ഞാൽ മതി. ഞാൻ എത്തിക്കോളാം". അന്ന് പുലർച്ചെ അദ്ദേഹം പറഞ്ഞത് പോലെ നാല് മണിക്കെത്തി. ആ സമയത്ത് ബാക്കി ഉള്ളവർ അഞ്ച് മിനിറ്റ് വൈകിയാണ് ലൊക്കേഷനിൽ എത്തിയത്. എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്‍റെ ഒരു വിഷമം പോലും പറഞ്ഞില്ല.

പറഞ്ഞത് പോലെ രാവിലെ ആറ് മണിക്ക് ഷൂട്ട് തുടങ്ങി. ആ സീൻ കഴിയുന്നത് വരെ അദ്ദേഹം ഒന്ന് റെസ്‌റ്റ് എടുക്കാൻ കാരവനിൽ പോലും പോയില്ല. അതാണ് ചാക്കോച്ചൻ. ഇന്ന് മലയാള സിനിമയിൽ ഒരു ഷൂട്ട് ഉണ്ടെങ്കിൽ പറയുന്ന സമയത്ത് ലൊക്കേഷനിൽ വരുന്ന നായകന്മാർ ഉള്ളതിൽ ആദ്യം പറയുന്ന പേര് കുഞ്ചാക്കോ ബോബൻ തന്നെ ആയിരിക്കും.' -ഇപ്രകാരമാണ് ആസാദ്‌ കണ്ണാടിക്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

സിനിമയ്‌ക്ക് വേണ്ടി കോടികള്‍ പ്രതിഫലം വാങ്ങിയിട്ട് സിനിമയുടെ പ്രൊമോഷന് സഹകരിച്ചില്ലെന്ന് കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി 'പദ്‌മിനി'യുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടത്. ഇതിന് പിന്നാലെ നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിര്‍മാതാവ് ഹൗളി പോട്ടൂരും താരത്തെ പിന്തുണച്ചിരുന്നു.

Also Read:'അയാളെ ഇങ്ങനെ കല്ലെറിയരുത്'; പഴയ കഥ ഓർമിച്ച് കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മാതാവ്

ABOUT THE AUTHOR

...view details