എറണാകുളം : മലയാള സിനിമയിൽ വാർത്താപ്രചാരണത്തിന്‍റെ 26 വർഷങ്ങൾ പിന്നിടുകയാണ് പ്രശസ്‌ത പിആർഒ എ എസ് ദിനേശ്. മലയാള സിനിമയുടെ വാർത്താപ്രചാരകർ ആരൊക്കെ എന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് അറിയാവുന്ന പേരുകളിൽ ഒന്ന് എഎസ് ദിനേശിന്‍റേത് തന്നെയാകും. 26 വർഷത്തെ തന്‍റെ സിനിമ അനുഭവങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.
എ എസ് ദിനേശിനെ നേരിൽ കാണുകയോ ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്‌താൽ ആദ്യം കേൾക്കുന്ന വാചകമാണിത്. നമസ്‌കാരം ദിനേശാണ്, പിആർഒ. അതിപ്പോൾ പരിചയം ഉള്ള ആളാണെങ്കിലും അല്ലെങ്കിലും ഈ രീതിയിൽ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങാറ്. വരാനിരിക്കുന്നത് സിനിമ ജീവിതത്തിന്‍റെ 27-ാമത്തെ വർഷമാണെന്ന് ദിനേശ് പറയുന്നു.
ജീവിതത്തിൽ ഒരു നടനോ സംവിധായകനോ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആകണമെന്ന് പത്താംതരം പാസായപ്പോൾ തന്നെ മനസിൽ മോഹം ഉദിച്ചു. ഒപ്പം പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവരാനും ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ സിനിമ വളരെയധികം ഇഷ്‌ടമുള്ള മേഖലയായിരുന്നു.
യൗവന കാലത്ത് തന്നെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടാൻ ആരംഭിച്ചു. നൃത്തം ചിത്രരചന അങ്ങനെ പല മേഖലകളിലും കലാവാസന പ്രകടിപ്പിച്ചു. പിതാവിന് ഒരു ചായക്കട ഉണ്ടായിരുന്നു, അവിടെ അച്ഛനെ സഹായിക്കുക പതിവായി. അതോടൊപ്പം തന്നെ കേരള പ്രസ് അക്കാദമി ആരംഭിച്ചപ്പോൾ ജേണലിസം എന്ന മോഹവുമായി അവിടേക്ക് ചേക്കേറി.
പ്രസ് അക്കാദമിയിൽ പഠിക്കുമ്പോൾ തന്നെ പല മാഗസിനുകളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. കായികരംഗവും രാഷ്‌ട്രീയവും ഇഷ്‌ടം കുറഞ്ഞ മേഖലകളാണ്. ബാക്കി പല വിഷയങ്ങളിലും അക്ഷരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചു. എല്ലാ വിഷയങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെയുള്ള ശ്രമത്തിനിടയിൽ ഒരല്പം ജ്യോതിഷവും വശത്താക്കി.
ആ ഇടയ്‌ക്ക് സിനിമ വല്ലാതെ ഭ്രമിപ്പിച്ചു. പ്രസ് അക്കാദമിയിൽ ഒപ്പമുണ്ടായിരുന്ന ശ്രീകുമാർ അരീക്കുറ്റി അക്കാലത്ത് മലയാള സിനിമയിൽ വാർത്താപ്രചാരണം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. ശ്രീകുമാർ അരീക്കുറ്റി പിൽക്കാലത്ത് തിരക്കഥാകൃത്ത് ആയി മാറി. ശ്രീകുമാർ അരീക്കുറ്റിയാണ് എ എസ് ദിനേശിനെ പ്രശസ്‌ത സംവിധായകൻ തമ്പി കണ്ണന്താനത്തിന് പരിചയപ്പെടുത്തുന്നത്. ശേഷം തമ്പി കണ്ണന്താനത്തിനെ കുറിച്ച് ഒരു മാഗസിനിൽ ലേഖനം എഴുതി പ്രസിദ്ധീകരിച്ചു.
ആ ലേഖനത്തിലൂടെ ജീവിതം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ലേഖനത്തിന്‍റെ ഭാഷ തമ്പി കണ്ണന്താനത്തെ ആകർഷിച്ചു. ഒപ്പം കൂടുന്നോ എന്ന് ഒറ്റ ചോദ്യം. മറിച്ച് ഒന്നും ചിന്തിച്ചില്ല. തമ്പി കണ്ണന്താനം നിർമാതാവായ 'പഞ്ചലോഹം' എന്ന മലയാള ചിത്രത്തിന്‍റെ ഔദ്യോഗിക പിആർഒ ആയി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചു.
ആദ്യകാലത്ത് വാർത്താപ്രചാരണം ഇന്നത്തെപ്പോലെ മികച്ചതായിരുന്നില്ലെന്ന് ദിനേശ് പറയുന്നു. തൊഴിലിന് ധാരാളം പോരായ്‌മകൾ ഉണ്ടായിരുന്നു. സാമ്പത്തികമില്ലായ്‌മ, അവഗണന ഇതൊക്കെ പതിവാണ്. എങ്കിലും എഴുതാനും യാത്ര ചെയ്യാനുമുള്ള ഇഷ്‌ടവും സിനിമയോടുള്ള അഗാധമായ ആഗ്രഹവും ഈ മേഖലയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചു.
സിനിമയിലെ പിആർഒമാർക്കുള്ള മോശം സ്ഥാനം മനസിലാക്കി പലരും ഈ മേഖലയിൽ നിന്ന് പിന്മാറാൻ തന്നെ ഉപദേശിക്കുമായിരുന്നുവെന്നും അദ്ദേഹം ഓർത്തു. സിനിമയുമായി ബന്ധപ്പെട്ട് വാർത്താപ്രചാരണം നടത്തുമ്പോൾ തന്നെ അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഓഡിയോ കാസറ്റുകളുടെയും വാർത്താപ്രചാരണത്തിന്‍റെ ഭാഗമായി. ഈസ്റ്റ് കോസ്റ്റ്, സർഗം ഓഡിയോസ്, ജോണി സാഗരിക, സത്യം ഓഡിയോസ് തുടങ്ങിയ വലിയ ഓഡിയോ കമ്പനികളുടെ സ്ഥിരം വാർത്താപ്രചാരകനാകാൻ അവസരം ലഭിച്ചുതുടങ്ങി.
വലിയ ഓഡിയോ ലോഞ്ചുകൾ സിനിമയിലെ സുസ്ഥിരമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സഹായിച്ചു. ജോണി സാഗരിക, സർഗം ഓഡിയോസ്, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കമ്പനികൾ പിൽക്കാലത്ത് സിനിമ നിർമാണ മേഖലയിലേക്ക് കടന്നതോടുകൂടി അവരുടെയൊക്കെ സിനിമകളുടെയും സ്ഥിരം വാർത്താപ്രചാരകനായി. ആദ്യകാലത്ത് വാർത്താപ്രചാരണം ഒരു കൊറിയർ സർവീസ് പോലെയായിരുന്നു സിനിമയിൽ.
വെറുതെ വാർത്തകൾ ഉണ്ടാക്കുക, മാധ്യമങ്ങൾക്ക് കൈമാറുക എന്നതിലുപരി മറ്റൊന്നും തന്നെ ചെയ്യാനില്ല. പിൽക്കാലത്ത് തന്‍റേതായ മാറ്റങ്ങൾ കൊണ്ടുവന്ന് ഈ മേഖലയിൽ പരീക്ഷിച്ച് വിജയിപ്പിച്ചു. ആയിരത്തോളം സിനിമകളുടെ വാർത്താപ്രചാരകനായി മാറി. ഇപ്പോഴത്തെ യുവതലമുറയുടെ തുടക്കകാലത്തും സ്ഥിരം വാർത്താപ്രചരണം നടത്തുകയും ചെയ്‌തു.