മുംബൈ:ഹോളിവുഡ് ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സോഷ്യൽ മീഡിയയിലും പൊതുവിടങ്ങളിലും പരസ്പരം ഇരുവരും നടത്തുന്ന സ്നേഹപ്രകടനങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാറുണ്ട്. ഇപ്പോൾ നിക്ക് ജൊനാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയാണ് ആരാധകർ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.
ഇറ്റലിയിലെ റോമിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ കൊളോസിയം സന്ദർശിച്ചപ്പോഴുള്ള വീഡിയോയാണ് നിക്ക് ജൊനാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിക്കും പ്രിയങ്കയും കൊളോസിയത്തിന് മുന്നിലെ തെരുവിലൂടെ ഒരുമിച്ച് ഐസ്ക്രീം കഴിച്ച് നടക്കുന്നതും പരസ്പരം ചുംബിക്കുന്നതുമാണ് വീഡിയോ. ദമ്പതികളുടെ സ്നേഹ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും ഇതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
'മധുരമായ ബന്ധം', 'ലോകത്തിലെ എന്റെ പ്രിയപ്പെട്ട ദമ്പതികൾ', 'കപ്പിൾ ഗോൾസ്', 'നിങ്ങൾ മനോഹരമാണ്' തുടങ്ങിയ കമന്റുകളാണ് ആരാധകർ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ നിക്ക് ജൊനാസ് ചുവപ്പ് നിറത്തിലുള്ള ഷർട്ടും, പ്രിയങ്ക പച്ച നിറത്തിലുള്ള സ്കേർട്ടിന് മുകളിൽ കറുത്ത ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.
2018 ഡിസംബർ 1, 2 തീയതികളിൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ ക്രിസ്ത്യൻ -ഹിന്ദു ആചാര പ്രകാരമാണ് പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത്. പിന്നീട് ഡൽഹിയിലും മുംബൈയിലും ഇരുവരും രണ്ട് റിസപ്ഷനുകളും സംഘടിപ്പിച്ചു. 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ മകൾ മാൾട്ടി മേരിയെ സ്വാഗതം ചെയ്തതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.