ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്‌ട താരമായി തിളങ്ങിയ നടിയാണ് പ്രിയങ്ക ചോപ്ര. ഗ്ലാമറസ് റോളുകളിലും ശക്തമായ കഥാപാത്രങ്ങളിലും അഭിനയിച്ച് നടി ഹിന്ദി സിനിമാ ലോകത്ത് തിളങ്ങി. 2000ത്തില്‍ മിസ് വേള്‍ഡ് കിരീടം നേടിയ ശേഷമാണ് പ്രിയങ്ക ചോപ്ര സിനിമകളിലേക്ക് എത്തുന്നത്.
ദളപതി വിജയുടെ നായികയായി തമിഴന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ബോളിവുഡില്‍ സജീവമാവുകയായിരുന്നു. ഹിന്ദിയില്‍ എറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന് പുറമെ ഹോളിവുഡിലും തന്‍റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് നടി.
അഭിനയത്തിന് പുറമെ അവതാരകയായും മോഡലായും ഗായികയായും പ്രിയങ്ക തിളങ്ങി. പ്രശസ്‌ത പോപ്പ് ഗായകന്‍ നിക്ക് ജോഹ്‌നാസുമായുളള വിവാഹ ശേഷം അമേരിക്കയിലാണ് നടി സ്ഥിരതാമസമാക്കിയത്. അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന്‍റെ മാതാപിതാക്കളായി പ്രിയങ്കയും നിക്കും മാറി.
2018ല്‍ വിവാഹിതരായ ഇരുവര്‍ക്കും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കുഞ്ഞിനെ ലഭിച്ചത്. അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ് പ്രിയങ്ക ചോപ്ര. തന്‍റെ എറ്റവും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്.
അതേസമയം പ്രിയങ്കയുടെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മുഖം മുഴുവന്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണാനാവുക. ഫോട്ടോ കണ്ട് നടിക്ക് ശരിക്കും പരിക്കേറ്റതാണോ എന്ന സംശയം ആരാധകരില്‍ ചിലര്‍ പ്രകടിപ്പിച്ചു.
എന്നാല്‍ പ്രിയങ്കയുടെ എറ്റവും പുതിയ ടിവി സീരീസായ സിറ്റാഡെലിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രമാണ് നടി തന്‍റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്‌ക്ക് താഴെ 'നിങ്ങള്‍ക്കും ജോലിയില്‍ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നോ' എന്ന കാപ്ഷനും പ്രിയങ്ക ചോപ്ര കുറിച്ചു. നിരവധി പേരാണ് താരസുന്ദരിയുടെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയത്.
മാള്‍ട്ടി മറീ എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടത്. മൂന്ന് മാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് താരജോഡിയുടെ വീട്ടിലേക്ക് എത്തിയത്. പ്രിയങ്കയുടെ കുഞ്ഞ് എന്‍ഐസിയുവില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടെലിവിഷന്‍ സീരീസുകള്‍ക്ക് പുറമെ സിനിമകളിലും സജീവമാണ് പ്രിയങ്ക ചോപ്ര. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന 'ജീലെ സരാ' എന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ നടി എത്തുന്നുണ്ട്. ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. കൂടാതെ ഹോളിവുഡ് ചിത്രം 'ഇറ്റ്‌സ് ഓള്‍ കമിംഗ് ബാക്ക് ടു മീ'യും നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നു.