കേരളം

kerala

By

Published : Apr 9, 2023, 2:26 PM IST

ETV Bharat / entertainment

'ആ രണ്ട് സംഭവങ്ങള്‍ വല്ലാതെ ഉലച്ച് കളഞ്ഞു'; പ്രീതി സിന്‍റയ്ക്ക് പിന്തുണയുമായി ബോളിവുഡ് ലോകം

മനുഷ്യത്വത്തിലുള്ള തന്‍റെ വിശ്വാസത്തെ ഇളക്കിമറിച്ച രണ്ട് സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രീതി സിന്‍റ. പിന്തുണ അറിയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി

പ്രീതി സിന്‍ഡയ്ക്ക് പിന്തുണയുമായി ബോളിവുഡ് ലോകം  പ്രീതി സിന്‍ഡയ്ക്ക് പിന്തുണ  പ്രീതി സിന്‍ഡ  Priyanka Chopra Hrithik Roshan Malaika Arora  support of Preity Zinta  Preity Zinta  പ്രീതി സിന്‍ഡ പറയുന്നത്  പ്രീതി സിന്‍ഡയ്‌ക്ക് ബോളിവുഡിന്‍റെ പൂര്‍ണ പിന്തുണ
പ്രീതി സിന്‍ഡയ്ക്ക് പിന്തുണയുമായി ബോളിവുഡ് ലോകം

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്‍റയ്‌ക്ക് ബോളിവുഡിന്‍റെ പൂര്‍ണ പിന്തുണ. ഇന്‍സ്‌റ്റഗ്രാമില്‍ ശനിയാഴ്‌ച പങ്കുവച്ച വികാര നിര്‍ഭര കുറിപ്പിന് പിന്നാലെയായിരുന്നു താരത്തിന് പിന്തുണ അറിയിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയത്. ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രീതി സിന്‍റയുടെ സമീപകാല പോസ്‌റ്റിന് താഴെ പിന്തുണ അറിയിച്ച് എത്തിയത്.

മനുഷ്യത്വത്തിലുള്ള തന്‍റെ വിശ്വാസത്തെ ഇളക്കിമറിച്ച രണ്ട് സംഭവങ്ങളെ കുറിച്ചാണ് പ്രീതി സിന്‍റ ഇന്‍സ്‌റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്. പണത്തിന് വേണ്ടി ഭിന്നശേഷിക്കാരനായ ഒരാള്‍ പ്രീതി സിന്‍റയുടെ കാറിന് പിന്നാലെ സൈക്കിളില്‍ പിന്തുടര്‍ന്നിരുന്നു. ഇയാള്‍ തനിക്ക് നേരെ അക്രമ സ്വഭാവം കാണിച്ച സംഭവമാണ് താരം കുറിച്ചിരിക്കുന്നതില്‍ ഒന്ന്.

തന്‍റെ സ്വകാര്യതയെ ബാധിച്ച മറ്റൊരു സംഭവം കൂടി പ്രീതി സിന്‍റ പങ്കുവച്ചിട്ടുണ്ട്. അജ്ഞാതയായ ഒരു സ്ത്രീ തന്‍റെ മകൾ ജിയയുടെ ചുണ്ടില്‍ ചുംബിക്കുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തതിനെ കുറിച്ചാണ് അത്.

'ഈ ആഴ്‌ചയിലെ രണ്ട് സംഭവങ്ങൾ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഒന്ന്, എന്‍റെ മകൾ ജിയയുടെ ഫോട്ടോ എടുക്കാൻ ഒരു സ്ത്രീ ശ്രമിച്ചു. ഫോട്ടോ എടുക്കരുതെന്ന് മാന്യമായി പറഞ്ഞിട്ടും അവര്‍ എന്‍റെ മകളെ കോരിയെടുത്ത് ചുംബനം നല്‍കി, എന്തൊരു ഭംഗിയുള്ള കുട്ടിയാണെന്ന് പറഞ്ഞ് അവര്‍ ഓടിപ്പോയി. ഈ സ്ത്രീ ഒരു എലൈറ്റ് ബിൽഡിങ്ങിലാണ് താമസിക്കുന്നത്. കുട്ടികൾ കളിക്കുന്ന പൂന്തോട്ടത്തില്‍ വച്ചായിരുന്നു സംഭവം. ഞാൻ ഒരു സെലിബ്രിറ്റി ആയിരുന്നില്ലെങ്കിൽ ഞാൻ ഒരു പക്ഷേ മോശമായി പ്രതികരിക്കുമായിരുന്നു. പക്ഷേ ഒരു സീൻ ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാൽ ഞാന്‍ ശാന്തയായി.

രണ്ടാമത്തെ സംഭവം ഇങ്ങനെയാണ്. എനിക്ക് വിമാനത്താവളത്തില്‍ പോകണമായിരുന്നു. എന്നാല്‍ ഒരു ഭിന്നശേഷിക്കാരനായ ആള്‍ എന്നെ തടയാൻ ശ്രമിച്ചു കൊണ്ടിരുന്നു. വർഷങ്ങളായി ഇയാള്‍ എന്നെ പണത്തിനായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് കഴിയുമ്പോഴൊക്കെ ഞാന്‍ അയാള്‍ക്ക് പണം നല്‍കി. എന്നാല്‍ ഇത്തവണ പണം ചോദിച്ചപ്പോള്‍, ഇന്ന് ക്ഷമിക്കണം, എന്‍റെ കയ്യിൽ പണമില്ല, ഒരു ക്രെഡിറ്റ് കാർഡ് മാത്രമേയുള്ളൂ എന്ന് പറഞ്ഞു. എന്നോടൊപ്പമുള്ള സ്ത്രീ അവളുടെ പേഴ്‌സിൽ നിന്നും കുറച്ച് പണം അയാള്‍ക്ക് കൊടുത്തു. അത് പോരാത്തതിനെ തുടര്‍ന്ന് അയാൾ അത് അവളുടെ നേരെ എറിഞ്ഞു. അക്രമാസക്തനാകാനും തുടങ്ങി. അയാള്‍ കുറച്ച് സമയത്തേക്ക് ഞങ്ങളെ പിന്തുടരുകയും കൂടുതൽ ആക്രമണകാരി ആകുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

ഫോട്ടോഗ്രാഫർമാർ ഈ സംഭവം വളരെ തമാശയായായാണ് കണ്ടത്. ഞങ്ങളെ സഹായിക്കുന്നതിന് പകരം അവർ അത് ക്യാമറയില്‍ പകര്‍ത്തുകയും ചിരിക്കുകയുമാണ് ചെയ്‌തത്. കാറിനെ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് ആരും അയാളോട് പറഞ്ഞില്ല. ആർക്കെങ്കിലും പരിക്കേൽക്കാമായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഒരു സെലിബ്രിറ്റി ചോദ്യം ചെയ്യപ്പെടുമായിരുന്നു.

ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ഒരുപാട് നെഗറ്റിവിറ്റികൾ പടരുകയും ചെയ്യുമായിരുന്നു. ഞാൻ ഒരു മനുഷ്യനാണ്, കൂടാതെ ഒരു അമ്മയും ഒരു സെലിബ്രിറ്റിയും ആണെന്ന് ആളുകൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. എന്‍റെ വിജയത്തിന് ഞാന്‍ മാപ്പുപറയേണ്ടതില്ല, ഒപ്പം എനിക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ക്കും. കാരണം ഞാൻ ഇന്ന് ഇവിടെ എത്താന്‍ വളരെയധികം പരിശ്രമിച്ചു.

ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ ഈ രാജ്യത്തെ മറ്റാരെയും പോലെ എനിക്കും തുല്യ അവകാശമുണ്ട്. അതിനാൽ നിങ്ങൾ വിധിക്കുന്നതിന് മുമ്പ് ദയവായി ചിന്തിക്കുക. എല്ലാത്തിനും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. ഒരു കഥയ്ക്ക് എല്ലായിപ്പോഴും രണ്ട് വശങ്ങളുണ്ട്.

ഏറ്റവും പ്രധാനമായി എന്‍റെ മക്കൾ ഒരു പാക്കേജ് ഡീലിന്‍റെ ഭാഗമല്ല. അവര്‍ ഇരയാക്കപ്പെടാൻ ഉദ്ദേശിച്ചുള്ളവരും അല്ല, അതിനാൽ ദയവായി എന്‍റെ കുട്ടികളെ വെറുതെ വിടുക. ഫോട്ടോകൾക്കായി അവരുടെ അടുത്തേക്ക് വരികയോ അവരെ തൊടുകയോ പിടിക്കുകയോ ചെയ്യരുത്. അവർ കുട്ടികളാണ്, സെലിബ്രിറ്റികള്‍ അല്ല, കുട്ടികളെ പോലെയാണ് പരിഗണിക്കേണ്ടത്.

ഞങ്ങളോട് ഫോട്ടോകളും വീഡിയോകളും ബൈറ്റുകളും ആവശ്യപ്പെടുന്ന ഫോട്ടോഗ്രാഫർമാർക്ക് ചിത്രം പകര്‍ത്തുന്നതിനും ചിരിക്കുന്നതിനും പകരം സഹായിക്കാനുള്ള കൃപയും മനുഷ്യത്വവും പക്വതയും ഉണ്ടാകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം എപ്പോഴും എല്ലാം തമാശയല്ല' -പ്രീതി സിന്‍റ കുറിച്ചു.

പ്രീതി സിന്‍റയുടെ ഈ പോസ്റ്റിനോട്‌ പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷൻ, അർജുൻ രാംപാൽ, മലൈക അറോറ തുടങ്ങി നിരവധി താരങ്ങള്‍ പ്രതികരിച്ചു. 'നന്നായി പ്രീ' എന്ന്‌ കുറിച്ച് കൊണ്ട് ചുവന്ന ഹാര്‍ട്ട് ഇമോജിയോടു കൂടിയാണ് ഹൃത്വിക് റോഷൻ കമന്‍റ് ചെയ്‌തിരിക്കുന്നത്. 'അടുത്ത തവണ എനിക്കൊരു കോൾ തന്നാൽ അവ പരിഹരിക്കപ്പെടും' ചുവന്ന ഹാര്‍ട്ട് ഇമോജി പങ്കുവച്ച് അർജുൻ രാംപാൽ കുറിച്ചു.

'നിങ്ങൾ വളരെ ഉച്ചത്തിലും വ്യക്തമായും പറഞ്ഞു' -മലൈക അറോറ കുറിച്ചു. അതേസമയം മൂന്ന് ഇമോജികളുമായാണ് പ്രിയങ്ക ചോപ്ര രംഗത്തെത്തിയത്. നിങ്ങൾക്കു വേണ്ടി നിലകൊണ്ടതിന് അഭിനന്ദനങ്ങൾ. അത് എത്ര ബുദ്ധിമുട്ടാണെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ വിഷയം പ്രാധാന്യമുള്ളതും കൃത്യവുമാണ് -ലില്ലി സിങ് കുറിച്ചു.

പ്രീതി സിന്‍റ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. താരം തന്‍റെ ഭർത്താവ് ജീൻ ഗുഡ്‌നഫിനോടും അവരുടെ രണ്ട് മക്കളായ ജിയയ്ക്കും ജെയ്‌ക്കുമൊപ്പം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്.

Also Read:പിറന്നാള്‍ ദിനത്തില്‍ വൈറലായി പ്രീതി സിന്‍റ, മനോഹര ചിത്രങ്ങൾ

ABOUT THE AUTHOR

...view details